ഇത് ക്യാമറാ സ്മാര്‍ട്ട്‌ഫോണ്‍; എക്ട്രയുമായി കൊഡാക്ക് വരുന്നു

കൊഡാക്ക് എക്ട്ര

ഫിലിം ക്യാമറകളുടെ തലതൊട്ടപ്പനായിരുന്നു കൊഡാക്ക്. പിന്നീടെപ്പോഴോ ഡിജിറ്റല്‍ യുഗത്തിലേക്ക് ലോകം കടന്നപ്പോള്‍ കൊഡാക്കിന് ആ മുന്‍തൂക്കം നിലനിര്‍ത്താനായില്ല. എങ്കിലും പഴയ പ്രൗഢി നില നിര്‍ത്തി അവര്‍ പിടിച്ചുനിന്നു. ഇപ്പോള്‍ പുതിയൊരു പരീക്ഷണത്തിന് മുതിരുകയാണ് കൊഡാക്ക്.

സ്മാര്‍ട്ട് ഫോണ്‍ മേഖലയിലേക്കുകൂടി കൊഡാക്ക് കൈവച്ചിരിക്കുന്നു. വെറും സ്മാര്‍ട്ട് ഫോണ്‍ മാത്രമല്ല, ഒരു ക്യാമറ തന്നെയാണ് പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍. കൊഡാക് എക്ട്രാ എന്നാണ് ഫോണിന്റെ പേര്. ഒരു ഭാഗത്ത് വലിയ ഡിസ്‌പ്ലേയും മറുവശത്ത് ലെന്‍സുമായി കാണാനും മിടുക്കനാണ് ഈ എക്ട്ര.

21 മെഗാ പിക്‌സല്‍ പ്രധാന ക്യാമറയും 13 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്. പ്രധാന ക്യാമറ ഉപയോഗിച്ച് റോ ഫോര്‍മാറ്റില്‍ വരെ ചിത്രം പകര്‍ത്താം. കുറഞ്ഞ പ്രകാശമുള്ളപ്പോഴും ചിത്രം പകര്‍ത്താന്‍ എക്ട്രയ്ക്ക് സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

എന്നാല്‍ സാധാരണ സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് അല്പം വലിപ്പം കൂടുതലാണ് എക്ട്രയ്ക്ക്. ഭാരവും കൂടും. അതുകൊണ്ടുതന്നെ വിപണിയില്‍ ഏത് രീതിയിലാണ് എക്ട്ര സ്വീകരിക്കപ്പെടുക എന്ന കാര്യം സംശയം. ഫ്‌ലിപ് കാര്‍ട്ടില്‍ 20,000 രൂപയ്ക്കടുത്താണ് ഈ ക്യാമറാ ഫോണിന്റെ വില.

DONT MISS
Top