വൈദ്യുതി മോഷണം പിടിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചു; വിരണ്ടോടിയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

അപകടത്തില്‍പ്പെട്ട കാര്‍, ഉള്‍ചിത്രം – മരിച്ച അഭിമന്യൂ സിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യൂതി മോഷണം പിടികൂടാനെത്തിയ വൈദ്യുതി കമ്പനി ജീവനക്കാരെ ജനക്കൂട്ടം ആക്രമിച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാനുള്ള പാച്ചിലിനിടെ ജീവനക്കാരുടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈദ്യുതി വിതരണ കമ്പനിയായ ബിഎസ്ഇഎസിലെ എന്‍ജിനീയര്‍ അഭിമന്യൂ സിംഗ് (32) ആണ് മരിച്ചത്.

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജാഫര്‍പുര്‍ കലാനില്‍ വൈദ്യൂതി മോഷണം പിടികൂടാനെത്തിയ സംഘത്തിന് നേര്‍ക്കാണ് നാട്ടുകാരില്‍ ചിലര്‍ സംഘടിച്ചെത്തി ആക്രമണം നടത്തിയത്. പോലീസും കമ്പനി ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നുവെങ്കിലും ജനക്കൂട്ടത്തിന്റെ ആക്രമണം തടയാനായില്ല.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ജാഫര്‍പുര്‍ കലാനിലെ ഝുല്‍ ഝുലി ഗ്രാമത്തില്‍ വൈദ്യുതി മോഷണം പിടിക്കാനെത്തിയ കമ്പനി ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടയുകയായിരുന്നു. ജനക്കൂട്ടം അക്രമാസക്തരായതോടെ കമ്പനി ജീവനക്കാര്‍ തങ്ങളുടെ വാഹനത്തില്‍ തിരിച്ചുപോയി. എന്നാല്‍ ബൈക്കുകളിലെത്തിയ ഒരുസംഘം നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ പ്രാണഭയത്തോടെ അതിവേഗം കാര്‍ ഓടിച്ചുപോകവെ കാര്‍ റോഡ് വക്കിലെ മരത്തില്‍ ഇടിച്ച് അപകടമുണ്ടാകുകയിരുന്നു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിമന്യൂ സിംഗ് മരിക്കുകയായിരുന്നു.

അതേസമയം, വൈദ്യുതി മോഷണം പതിവായ മേഖലകളില്‍ പരിശോധന നടത്തി മോഷണം തടയുന്നതിനുള്ള തങ്ങളുടെ നീക്കം വിജയമായിരുന്നുവെന്നും ജനക്കൂട്ടത്തിന്റെ ആക്രമണത്തിലല്ല അപകടമുണ്ടായതെന്നും ബിഎസ്ഇഎസ് അധികൃതര്‍ പറഞ്ഞു. 26 പോലീസുകാര്‍ തങ്ങളുടെ ജീവനക്കാര്‍ക്കൊപ്പമുണ്ടായിരുന്നു. പരിശോധന നടത്തി തിരിച്ചുവരുന്ന വഴി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളിലൊന്ന് മരത്തിലിടിച്ച് അപകടമുണ്ടാകുകയായിരുന്നുവെന്നാണ് കമ്പനി പറയുന്നത്. പോലീസ് റിപ്പോര്‍ട്ടും ഇപ്രകാരമാണ്.

നേരത്തെയും വൈദ്യുതി മോഷണം പിടികൂടാനെത്തുന്ന ജീവനക്കാര്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. ജൂണില്‍ വൈദ്യുതി മോഷണം പിടികൂടാനെത്തിയ സംഘത്തിലെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും ബിഎസ്ഇഎസ് ജീവനക്കാര്‍ക്കും നാട്ടുകാരുടെ കല്ലേറില്‍ പരുക്കേറ്റിരുന്നു. സമാനമായ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളള വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് 14,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.  33,000 കിലോവാട്ട് വൈദ്യൂതി മോഷണമാണ് പിടികൂടിയത്.

DONT MISS
Top