ഖത്തര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത് യുഎഇ ആണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്; റിപ്പോര്‍ട്ട് തള്ളി യുഎഇ

ഖത്തര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌പ്പെട്ടതിന് പിന്നില്‍ യുഎഇ ആണെന്ന റിപ്പോര്‍ട്ട് തള്ളി യുഎഇ വിദേശകാര്യമന്ത്രാലയം. റിപ്പോര്‍ട്ട് ശുദ്ധ കളവാണെന്ന് വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി. തീവ്രവാദത്തിനും ഭീകരസംഘടനകള്‍ക്കും ഖത്തര്‍ പിന്തുണയും സാമ്പത്തിക സഹായം നല്കുകന്നു എന്നതാണ് സത്യം എന്നും യുഎഇ ആരോപിച്ചു.

കഴിഞ്ഞ മെയിലാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയില്‍ അമീറിന്റെ പേരില്‍ വന്ന പ്രസ്താവന വ്യാജമാണെന്നും വെബ്‌സൈറ്റും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഖത്തര്‍ ആരോപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഈ വിവാദം. ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തത് യുഎഇ ആണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഖത്തറിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത് തങ്ങളാണെന്ന റിപ്പോര്‍ട്ട് ശുദ്ധകളവാണെന്ന് യുഎഇ വ്യക്തമാക്കി. വാഷിംഗ്ടണ്‍ പോസ്റ്റിന്റ റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണെന്നും യുഎഇ വിദേശകാര്യസഹമന്ത്രി ഡോ.അന്വതര്‍ ഗര്‍ഗാഷ് ലണ്ടനില്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടി നെ തള്ളി അമേരിക്കയിലെ യുഎഇ സ്ഥാനപതിയും രംഗത്തെത്തി. താലിബാന്‍ അടക്കമുള്ള തീവ്രവാദസംഘടനകളെ പിന്തുണുക്കയും സാമ്പത്തികമായി അടക്കം ഖത്തര്‍ സഹായിക്കുന്നു എന്നതാണ് സത്യം എന്നും അമേരിക്കയിലെ യുഎഇ അംബാസിഡര്‍ വ്യക്തമാക്കി. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് എമിറേറ്റ്‌സ് പോളിസി സെന്ററും ആരോപിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ തീവ്രവാദബന്ധം ആരോപിച്ചാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. പ്രശ്‌നപരിഹാരത്തിന് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ സജീവശ്രമങ്ങളും നടന്നുവെങ്കിലും ഇരുചേരികളേയും സമവായത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

DONT MISS
Top