ആരാധകരെ ഞെട്ടിച്ച് കേരളാബ്ലാസ്റ്റേഴ്‌സ്; കൊമ്പന്മാര്‍ക്കായി എത്തുന്ന പരിശീലകന്‍ ലോക ഫുട്‌ബോളിലെ പകരംവയ്ക്കാനാവാത്ത താരം


റെനെ മൊളസ്റ്റീന്‍

കൊച്ചി: കോപ്പലാശാന്‍ ടാറ്റയിലേക്ക് ടാറ്റ പറഞ്ഞുപോയപ്പോള്‍ ആരാധകര്‍ സങ്കടത്തിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ നയിക്കാനിനി ആര് വരും? എല്ലാവരും ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും ആശങ്ക പങ്കുവച്ചു.

ഇന്നലെയായിരുന്നു ടീമുകള്‍ കോച്ചിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. രാത്രി 10.30 വരെ ബ്ലാസ്റ്റേഴ്‌സ് ഫെയിസ്ബുക്ക് പേജ് ചലനമറ്റ് കിടന്നു. ആരാധകര്‍ കോപ്പല്‍ പോയ സങ്കടം തീര്‍ക്കാന്‍ ഒരു മികച്ച കോച്ച് വരുമെന്ന ആഗ്രഹവും താലോലിച്ച് കഴിഞ്ഞുകൂടിയെങ്കിലും മനസിലെ കനല്‍ അണഞ്ഞുതുടങ്ങിയിരുന്നു.

എന്നാല്‍ നിശബ്ദതിയില്‍ ഒരു സ്‌ഫോടമുണ്ടായതുപോലൊരു തരംഗത്തിനാണ് പിന്നീട് ആരാധകവൃത്തങ്ങള്‍ സാക്ഷ്യം വഹിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് കോച്ചിനെ പ്രഖ്യാപിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ ഞെട്ടി. സാക്ഷാല്‍ റെനെ മൊളസ്റ്റീനാണ് കോപ്പലിന്റെ പിന്‍ഗാമിയായി ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.

അതെ, മാഞ്ചസ്റ്ററിന്റെ സ്വന്തം മൊളസ്റ്റീന്‍ ഇനി കേരളത്തിലെ ക്ലബ് താരങ്ങളെ കളി പഠിപ്പിക്കും. ഐഎസ്എല്‍ മാനേജ്‌മെന്റിനെ അതിശയിപ്പിക്കുന്ന നീക്കത്തോടെ കേരളത്തിന്റെ മാനേജ്‌മെന്റ് കരുക്കള്‍ നീക്കിയപ്പോള്‍ എതിരാളികളെ കളിക്കുമുന്നേ വിറപ്പിക്കുന്ന കോച്ച് ബ്ലാസ്റ്റേഴ്‌സിന് സ്വന്തമായി.

വെയ്ന്‍ റൂണിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും പരിശീലിപ്പിച്ച പരിശീലകന്‍ ഇനി സികെ വിനീതിനെയും സന്തേശ് ജിങ്കനെയും പരിശീലിപ്പിക്കും. ലോക ഫുട്‌ബോളിന്റെ വലിയ ആകാശം ഈ കൊച്ചുകേരളനാട്ടിലും താണിറങ്ങിവന്നുകൊണ്ടിരിക്കുന്നു. അതോ കേരളം അത്രയും വലുതാകുന്നതോ? എന്തായാലും ആത്യന്തികമായി ഇതിന്റെ പ്രയോജനം അനുഭവിക്കുന്നത് ഇന്ത്യന്‍ താരങ്ങളും ഇന്ത്യന്‍ ഫുട്‌ബോളും തന്നെ.

DONT MISS
Top