കടലിലേക്ക് ഒഴുകിപ്പോയ കാട്ടാനയെ ലങ്കന്‍ നേവി രക്ഷിച്ചു

ലങ്കന്‍ നേവിയുടെ രക്ഷാപ്രവര്‍ത്തനം

കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയെ ശ്രീലങ്കന്‍ നാവിക സേന മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷിച്ചു. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന അടിയൊഴുക്കില്‍പ്പെട്ട് ഉള്‍ക്കടലിലേക്ക് ഒഴുകിപ്പോയത്. തീരത്ത് നിന്ന് പത്തുമൈലോളം ഉള്ളിലേക്ക് ഒഴുകിയ ആനയെ രക്ഷിക്കാന്‍ ഒടുവില്‍ നാവികസേനയെത്തുകയായിരുന്നു.

ലങ്കന്‍ നാവികസേനയുടെ പട്രോളിംഗിനിടെയാണ് ആനയെ മുങ്ങിത്താഴുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നേവിയുടെ മുങ്ങല്‍ വിദഗ്ധരും വനം വകുപ്പ് ഉദ്യോഗസ്ഥരും 12 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് ആനയെ രക്ഷിച്ച് കരയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ആനയെ കോക്കിലെ വനത്തിലേക്ക് വിട്ടു. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന് ജീവനുവേണ്ടി മല്ലിട്ടതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും ആനയുടെ ജീവന് ഭീക്ഷണിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോക്കിലെ വനമേഖലയില്‍ വനത്തിന് നടുവിലൂടെ കടലിലേക്ക് ചെറിയ ഉപ്പുതടാകമുണ്ട്. ഈ തടാകം കടന്ന് അപ്പുറത്തെത്താന്‍ ദീര്‍ഘതൂരം തടാക തീരത്തിലൂടെ മൃഗങ്ങള്‍ക്ക് നടക്കേണ്ടിവരും. എന്നാല്‍ ആനകള്‍ പലപ്പോഴും തടാകം നീന്തി മറുകരയിലെത്താറുണ്ട്. ഇങ്ങന തടാകം കടക്കുന്നതിനിടെയാകും ഈ ആന ഒഴുക്കില്‍പ്പെട്ട് നിലതെറ്റി പുറംകടലിലേക്ക് ഒഴുകിയതെന്നാണ് കരുതുന്നത്.

ശ്രീലങ്കയുടെ വനമേഖലയോട് ചേര്‍ന്നുള്ള തീരപ്രദേശത്ത് പലപ്പോഴും ആനകള്‍ കടലിലിറങ്ങി 15 കിലോമീറ്ററുകള്‍ വരെ കടലിലൂടെ നീന്താറുണ്ട്.

DONT MISS
Top