വനിതാ കളക്ടറെ കടന്നുപിടിച്ച എംഎല്‍എ അറസ്റ്റില്‍

ഹൈദരാബാദ്: ജില്ലാ കളക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലങ്കാന എംഎല്‍എ ബി ശങ്കര്‍ നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയെ പിന്നീട് സ്വന്തം ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചു.

തെലങ്കാനയിലെ മെഹബൂബാബാദില്‍ ബുധനാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഭവം. ജില്ലാ കളക്ടര്‍ പ്രീതി മീണയോട് എംഎല്‍എ മോശമായി പെരുമാറുകയും കൈയില്‍ കടന്നുപിടിക്കുകയുമായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) എംഎല്‍എയാണ് ശങ്കര്‍ നായിക്ക്.

സ്ത്രീകളോട് മോശമായി പെരുമാറുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരേ കേസെടുത്തിരിക്കുന്നത്.

കളക്ടറുകളെ പരാതിയെത്തുടര്‍ന്ന് എംഎല്‍എയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടരന്വേഷണം നടക്കുകയാണെന്നും തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും ചടങ്ങിന്റെ മറ്റ് വീഡിയോകളും ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.

എംഎല്‍എയുടെ പെരുമാറ്റത്തെ സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കളക്ടറോട് എംഎല്‍എ നേരിട്ട് മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്നും മുഖ്യമന്ത്രി താക്കീത് നല്‍കി.

DONT MISS
Top