ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയ്ക്ക് നേതൃത്വം നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി; സാധാരണ സ്ഥലംമാറ്റമെന്ന് സര്‍ക്കാര്‍

മൂന്നാര്‍ ( ഫയല്‍ ചിത്രം )

മൂന്നാര്‍ : മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍, ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് സര്‍വേയര്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സ്ഥലംമാറ്റം. കഴിഞ്ഞ കുറേ നാളുകളായി ഏതാണ്ട് 60 ഏക്കറോളം ഭൂമി, സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെയും ഇവരുടെയും നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു.

ഇതിന്റെ തുടര്‍നടപടികളിലേയ്ക്ക് കടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരെ മാറ്റിയതോടെ കയ്യേറ്റം ഒഴിപ്പിക്കല്‍ തകിടം മറിയുമെന്ന ആശങ്ക സജീവമായി.

എന്നാല്‍ ഉദ്യോഗസ്ഥരുടെ സാധാരണ സ്ഥലംമാറ്റത്തിന്റെ ഭാഗമായുള്ള മാറ്റമാണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

മന്ത്രി എം എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി എന്നിവരടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ, കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടുപോയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ജനുവരിയില്‍ പ്രമോഷന്‍ ലഭിച്ച ശ്രീറാമിനെ വീണ്ടും പ്രമോഷന്‍ നല്‍കി മാറ്റുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ സ്ഥലംമാറ്റ ഉത്തരവില്‍ ട്രാന്‍സ്ഫര്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുകയും, സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

DONT MISS
Top