10 എല്‍പി സ്‌കൂള്‍ കുട്ടികള്‍ അധ്യാപകന്റെ പീഡനത്തിനിരയായി

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് എല്‍പി സ്‌കൂളില്‍ 10 കുട്ടികള്‍ അധ്യാപകന്റെ പീഡനത്തിനിരയായി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഏഴിമല എല്‍പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപകന്‍ ജനാര്‍ദ്ധനന്‍ ആണ് കുട്ടികളെ പീഡിപ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ജനാര്‍ദ്ധനന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

മിഠായി നല്‍കി നാലാം ക്ലാസിലെ കുട്ടികളെ ജനാര്‍ദ്ധനന്‍ പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴായാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് അധ്യാപകന്റെ ക്രൂരത കുട്ടികള്‍ വിവരിച്ചത്. ഇതേതുടര്‍ന്ന് ചൈല്‍ഡ് ലൈനും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളെയും ഇയാള്‍ പീഡിപ്പിച്ചതായും ഭയന്നിട്ടാണ് തങ്ങള്‍ വിവരം പുറത്തുപറയാതിരുന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കിയതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം, അധ്യാപകനായ ജനാര്‍ദ്ധനനെതിരേ മുന്‍പും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പല സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ സ്ഥലം മാറ്റപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇങ്ങനെ സ്ഥലം മാറ്റപ്പെട്ടാണ് ഏഴിമല സ്‌കൂളില്‍ എത്തിയത്. ഈ സ്‌കൂളില്‍ രണ്ടുവര്‍ഷമായി അധ്യാപകനാണ് ജനാര്‍ദ്ധനന്‍.

DONT MISS
Top