ഭീകരരെ നേരിടാൻ ​ഗോരക്ഷാ സേനാ പ്രവർത്തകരെ അയയ്ക്കണമെന്ന് ശിവസേന; പശുമാംസമാണ് കയ്യിലുണ്ടായിരുന്നതെങ്കില്‍ ഭീകരര്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഉദ്ധവ് താക്കറെ

ഉദ്ദവ് താക്കറെ ( ഫയല്‍ ചിത്രം )

മുംബൈ : കശ്മീരിലെ ഭീകരരെ നേരിടാന്‍ ഗോ രക്ഷാ പ്രവര്‍ത്തകരെ അയയ്ക്കണമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.

കായിക, സാംസ്‌കാരിക മേഖലകളെ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വളിച്ചിഴയ്ക്കരുതെന്ന് ബിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ ഇന്ന് മതവും രാഷ്ട്രീയവുമൊക്കെ ഭീകരാക്രമണത്തിന്റെ രൂപത്തിലെത്തുകയാണ്. ഭീകരരുടെ കൈവശം ആയുധങ്ങള്‍ക്ക് പകരം പശുമാംസം ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇവരില്‍ എത്രപേര്‍ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

ഗോ രക്ഷാ പ്രവര്‍ത്തകരുടെ പ്രശ്‌നം ഇന്ന് രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് ഈ ഗോരക്ഷാ പ്രവര്‍ത്തകരെ ഭീകരരെ നേരിടാന്‍ അയച്ചു കൂടാ എന്നും ഉദ്ധവ് താക്കറെ ചോദിച്ചു. ഗണേഷ് മണ്ഡല്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ കഴിഞ്ഞദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ആറ് വനിതകള്‍ ഉള്‍പ്പെടെ, ഏഴ് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചുപേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും, രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമാണ്.

DONT MISS
Top