ചൈനയെ മലര്‍ത്തിയടിച്ചു; ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഒന്നാമത്

4-400 റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീമിന്റെ ആഹ്ലാദം

ഭുവനേശ്വര്‍ :  ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ആദ്യദിനം മുതല്‍ തുടങ്ങിയ കുതിപ്പ് അവസാനം വരെ തുടര്‍ന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍, ചൈനയുടെ പതിറ്റാണ്ടുകളായി തുടരുന്ന കുത്തക അവസാനിപ്പിച്ചാണ് ഒന്നാമതെത്തിയത്. 12 സ്വര്‍ണവും അഞ്ചു വെള്ളിയും 12 വെങ്കലവും നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.

കഴിഞ്ഞ 17 തവണയായി ചൈനയായിരുന്നു ഒന്നാംസ്ഥാനത്ത്. ഇത്തവണ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചൈന എട്ടുസ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും നേടി. നാലു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ കസാഖിസ്ഥാനാണ് മൂന്നാമത്.

1985 ലെ ജക്കാര്‍ത്ത മീറ്റില്‍ 10 സ്വര്‍ണവും അഞ്ചു വെള്ളിയും ഏഴ് വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഇതിനു മുമ്പത്തെ വലിയ നേട്ടം. രാജ്യത്തിനു വേണ്ടി മലയാളിതാരങ്ങള്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ചു വെങ്കലവും നേടി ചരിത്രനേട്ടത്തില്‍ നിര്‍ണായക പങ്കാളികളായി.

അവസാന ദിനമായ ഇന്നലെ ഇന്ത്യന്‍ കായികതാരങ്ങള്‍ 5 സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് കുതിപ്പ് പൂര്‍ത്തിയാക്കിയത്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന മുഴുവന്‍ ഇന്ത്യന്‍ അത്ലീറ്റുകള്‍ക്കും ഒഡീഷ സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങിയ മലയാളികളെ കായിക മന്ത്രി എ സി മൊയ്തീന്‍ അഭിനന്ദിച്ചു. ഇന്ത്യ നേടിയ 29 മെഡലില്‍ റിലേ അടക്കം 13ഉം കരസ്ഥമാക്കി മലയാളി കായികതാരങ്ങള്‍ അഭിമാനമായിരിക്കുകയാണ്. ഇതില്‍ ആര്‍ അനു, മുഹമ്മദ് അനസ്, മെര്‍ലിന്‍ ജോസ് എന്നിവര്‍ സ്പോര്‍ട്സ് കൌണ്‍സിലിന്റെ എലൈറ്റ് സ്കീം പദ്ധതിയില്‍ പരിശീലനം നേടുന്നവരാണെന്നത് സന്തോഷകരമാണെന്ന്  മന്ത്രി പറഞ്ഞു.

DONT MISS
Top