ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മെഡൽ ജേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; മെഡലുകൾ നേടിയ മലയാളി അത് ലറ്റുകളെ സമുചിതമായി ആദരിക്കുമെന്ന് മുഖ്യമന്ത്രി

ഫയല്‍ ചിത്രം

തിരുവനന്തപുരം : ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മെഡൽ ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒഡീഷയിലെ ഭുവനേശ്വറില്‍ സമാപിച്ച ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ പന്ത്രണ്ട് സ്വര്‍ണമെഡലുകള്‍ ഉള്‍പ്പടെ ആകെ ഇരുപത്തിയൊമ്പത് മെഡലുകളാണ് ഇന്ത്യ നേടിയത്.വനിതകളുടെ 1500 മീറ്ററില്‍ പി യു ചിത്രയും പുരുഷന്‍മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും സ്വർണ്ണം നേടിയിരുന്നു.

വനിതകളുടെ 4×400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയ ടീമിൽ മലയാളി താരം ജിസ്‌ന മാത്യുവും ഉണ്ടായിരുന്നു. വി നീന, നയന ജയിംസ്, ജിൻസൺ ജോൺസൺ, ടി ഗോപി തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളിതാരങ്ങളുടെ ഈ നേട്ടം ആവേശകരമാണ്.

കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡൽ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷൻ ഒളിംപ്യക്ക് ഇവരുടെ നേട്ടങ്ങൾ ഒരു പ്രചോദനമാണ്. അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ നേടിയ മലയാളി അത് ലറ്റുകളെ സമുചിതമായി ആദരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത മാസം ലണ്ടനില്‍ വെച്ച് നടക്കുവാന്‍ പോകുന്ന ലോക അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത ലഭിച്ച എല്ലാ മെഡല്‍ ജേതാക്കള്‍ക്കും മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു.

DONT MISS
Top