പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍

നിക്കി ഹാലി (ഫയല്‍)

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെടുന്നതിന് റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ റഷ്യ ഇത്തരം ശ്രമങ്ങള്‍ നടത്തിയെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹേലി പറഞ്ഞു.

ജി20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച, തന്നെ വിജയിപ്പിക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യയോടുള്ള ട്രംപിന്റെ നന്ദിപ്രകടനമായിരുന്നു എന്ന് ചിലകോണുകളില്‍ നിന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചതിന്റെ നീരസം അറിയിക്കുകയാണ് ചെയ്തതെന്ന് അമേരിക്കന്‍ അംബാസിഡര്‍ വ്യക്തമാക്കി.

അടുത്തിടെ നടന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റഷ്യയുടെ ഇടപെടല്‍ സംശയിക്കപ്പെട്ടിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മക്രോണിന്റെ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് റഷ്യയ്ക്കുനേര്‍ക്ക് സംശയമുയര്‍ന്നത്. എന്നാല്‍ പിന്നീട് ഫ്രാന്‍സിന്റെ സൈബര്‍ സുരക്ഷാ വിഭാഗം, റഷ്യന്‍ ഇടപെടല്‍ നടന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയതിനുശേഷമാണ് റഷ്യ സംശയ നിഴലില്‍ നിന്ന് മാറിയതെന്ന്‌ നിക്കി ഹാലി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ നീക്കങ്ങള്‍ക്ക് ഏതൊക്കെ രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ അവര്‍ക്കോക്കെ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നിക്കി ഹാലി അറിയിച്ചു. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിന്റെ പേരില്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതുള്‍പ്പെടയുള്ള നടപടികള്‍ അമേരിക്ക സ്വീകരിച്ചിരുന്നു. ഇത്തരം നടപടികള്‍ തുടരുമെന്നും നിക്കി ഹാലി വ്യക്തമാക്കി.

DONT MISS
Top