മൂന്നാറിലെ ലൗ ഡേല്‍ റിസോർട്ടില്‍ പരിശോധനയ്ക്കെത്തിയ റവന്യൂ സംഘത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

ഫയല്‍ ചിത്രം

മൂന്നാര്‍ : മൂന്നാറിലെ കയ്യേറ്റഭൂമിയിലെ അനധികൃതമായ ലൗ ഡേല്‍ റിസോർട്ടില്‍ പരിശോധനയ്ക്കെത്തിയ റവന്യൂ സംഘത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കയ്യേറ്റഭൂമിയില്‍ നിര്‍മ്മിച്ച റിസോര്‍ട്ട് ഒഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ സീനിയര്‍ സൂപ്രണ്ട് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘം റിസോര്‍ട്ടില്‍ പരിശോധനയ്ക്കെത്തിയത്. 

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വി.വി.ജോർജിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു അനധികൃതമായി സർക്കാർ ഭൂമിയിൽ നിർമിച്ച ലൗ ഡേല്‍ റിസോർട്ട്. തങ്ങൾക്ക് ഹൈക്കോടതി വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പരിശോധന അനുവദിക്കില്ലെന്നും പറഞ്ഞ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ പരിശോധന തടയുകയായിരുന്നു. കോടതിയലക്ഷ്യമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല.

ജില്ലാ പഞ്ചായത്ത് അംഗം എസ് വിജയകുമാറിന്‍റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളുമാണ് റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞത്.  കെട്ടിടം ഉള്‍പ്പെടെയുള്ള 22 സെന്റ് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഭൂമിയില്‍ സര്‍ക്കാരിനാണ് പരിപൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് ഹൈക്കോടതി ചോദിച്ചു. ഒഴിപ്പിക്കലിന് വേണ്ടത് ആര്‍ജ്ജവവും ഇച്ഛാശക്തിയുമാണെന്നും, എല്ലാം ജനങ്ങളുടെ അമിത പ്രതീക്ഷകള്‍ മാത്രമായി പോകരുതെന്നും കോടതി  ഓര്‍മിപ്പിച്ചു.

റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന 22 സ്ഥലും കെട്ടിടവും സര്‍ക്കാരിന്റേതാണെന്ന ശക്തമായ നിലപാടായിരുന്നു റവന്യൂവകുപ്പ് സ്വീകരിച്ചിരുന്നത്. എന്നാല്‍ റിസോര്‍ട്ട് ഒഴിപ്പിക്കുന്ന നടപടിയോട് മുഖ്യമന്ത്രി പിണറായി വിജയന് താത്പര്യം ഉണ്ടായിരുന്നില്ല.

ലൗ ഡേല്‍ റിസോര്‍ട്ട് ഒഴിപ്പിക്കുന്നതിനുള്ള റവന്യൂവകുപ്പിന്റെ നീക്കങ്ങളാണ് അടുത്തിടെ സിപിഐയും സിപഐഎമ്മും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയത്. കഴിഞ്ഞ മാസം റിസോര്‍ട്ട് ഒഴിപ്പിക്കാനെത്തിയ സംഘത്തെ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു.

എന്നാല്‍ ഒഴിപ്പിക്കല്‍ നടപടിയുമായി സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മുന്നോട്ടുപോയപ്പോള്‍, വിവി ജോര്‍ജ്ജും, മന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ജൂലായ് ഒന്നിന് ഉന്നതതലയോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കയ്യേറ്റക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗം വിളിക്കേണ്ടതില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ച് റവന്യൂമന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

DONT MISS
Top