ഇന്ത്യയും ഇസ്രായേലും തീവ്രവാദത്തിന്റെ ഇരകള്‍; ഒന്നിച്ചുനിന്ന് പോരാടുമെന്ന് നരേന്ദ്ര മോദി

നരേന്ദ്ര മോദിയ്ക്കും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനുമൊപ്പം മോഷെ

ടെല്‍അവീവ്: തീവ്രവാദത്തിന്റെ ഇരകളാണ് ഇന്ത്യയും ഇസ്രായേലുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

സാധിക്കുന്ന എല്ലാ മേഖലയിലും ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരണം തുടരും. കാര്‍ഷിക മേഖലയുള്‍പ്പടെ പല മേഖലകളിലും ഇസ്രായേലിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്?. ഇത്തരം മേഖലകളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു.

കൃഷി, ജലം, ബഹിരാകാശ സഹകരണം തുടങ്ങി പരസ്പര സഹകരണത്തിനുള്ള ഏഴ് കരാറുകളില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവെച്ചു.

ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സംയുക്ത പോരാട്ടമുണ്ടാകുമെന്നു വ്യക്തമാക്കിയ നെതന്യാഹു, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നതായും അറിയിച്ചു.

ഇതിനിടെ , 2008 -ലെ മുംബൈ തീവ്രവാദ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട ഇസ്രായേലി ബാലന്‍ മോഷെ ഹോള്‍സ്‌ബെര്‍ഗിനെ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 2008 നവംബര്‍ 26 നായിരുന്നു മുംബൈയിലെ ഭീകരാക്രമണം. പാകിസ്താന്‍ കേന്ദ്രമായുള്ള ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മോഷെയുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയില്‍ അഞ്ചിടങ്ങളിലാണ് ഭീകരാക്രണമുണ്ടായത്. ഇതില്‍ നരിമാന്‍ ഹൗസില്‍ നടന്ന ആക്രമണത്തിലാണ് അന്നു രണ്ടു വയസുകാരനായിരുന്ന മോഷെയ്ക്ക് മാതാപിതാക്കളെ നഷ്ടമായത്.

മോഷെയുടെ മാതാപിതാക്കളായ റിവ്കയും ഗാവ്‌റിയേല്‍ ഹോള്‍സ്‌ബെര്‍ഗുമടക്കം എട്ടുപേരാണ് നരിമാന്‍ ഹൗസില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത് ഇന്ത്യക്കാരിയായ കുട്ടിയുടെ ആയ സാന്ദ്ര സാമുവലായിരുന്നു. കുട്ടിയുമായി സാന്ദ്ര വളരെ വിദഗ്ധമായി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സാന്ദ്രയും കുട്ടിയും ഇസ്രായേലിലേക്ക് തിരിച്ചുപോയി. സാന്ദ്രയെയും മോദി കണ്ടു. തന്റെ അമ്മയുടെ മാതാപിതാക്കളായ ഷിമോന്റെയും യെഹുദിത്ത് റോസന്‍ബെര്‍ഗിന്റെയും സംരക്ഷണയിലാണ് ഇപ്പോള്‍ പത്തുവയസുകാരനായ മോഷെ കഴിയുന്നത്.

DONT MISS
Top