“അറിയില്ല മച്ചാനെ, ഡിവൈഎസ്പി വിളിപ്പിച്ചതുകൊണ്ട് വന്നതാ”: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയിലുള്ള മറുപടിയുമായി ധര്‍മജന്‍


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വളരെ അപ്രതീക്ഷിതമായാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പേര് പരാമര്‍ശിക്കപ്പെടുന്നത്. ധര്‍മജനെ കേസിലെ അന്വേഷണസംഘം ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയിരിക്കുകയാണ്. എന്തിനെന്നറിയാത്ത അങ്കലാപ്പിലാണ് കൊച്ചിയുടെ സ്വന്തം താരം ധര്‍മജന്‍ ബോള്‍ഗാട്ടി.

ഉച്ചയോടെയാണ് ധര്‍മജന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ആലുവ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ധര്‍മജന്‍ എത്തിയത്. തന്നെ എന്തിന് വിളിപ്പിച്ചുവെന്ന ആശങ്ക അദ്ദേഹത്തിന്റെ മുഖത്ത് നിഴിലിച്ചിരുന്നു. മാധ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിലും അത് പ്രകടമായി. എന്തിനാണ് വന്നതെന്ന മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയില്‍ ധര്‍മജന്റെ മറുപടിയെത്തി. “അറിയില്ല മച്ചാനെ, എന്നെ വിളിച്ചുവരുത്തിയത് ഡിവൈഎസ്പിയാണ്”. ഇങ്ങനെ പറഞ്ഞ് അദ്ദേഹം ആലുവ പൊലീസ് ക്ലബ്ബിലേക്ക് കയറിപ്പോയി.

കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ അറിയാമോ എന്നത് ചോദിച്ച് മനസിലാക്കാനാണ് ധര്‍മജനെ വിളിപ്പിച്ചതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്ന സംവിധായകന്‍ നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തില്‍ ധര്‍മജന്‍ നിര്‍ണായകമായ ഒരു വേഷം ചെയ്തിരുന്നു. നാദിര്‍ഷയുമായുള്ള ബന്ധമാണ് ധര്‍മജനെ വിളിച്ചുവരുത്തുന്നതിലേക്ക് പൊലീസിനെ നയിച്ചതെന്ന് വേണം കരുതാന്‍. ധര്‍മജനൊപ്പം ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണസംഘാംഗം കൂടിയായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുനിയെ കാക്കനാട് ജില്ലാ മജ്‌സിട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അവിടെവെച്ചാണ് സുനിയെ കസ്റ്റഡിയില്‍വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയത്. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്. സുനിയെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. മാത്രവുമല്ല കേസിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുനിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകുന്നതിനാണിത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. നടിക്കെതിരായ ആക്രമണം ഇരട്ട ക്വട്ടേഷന്‍ ആണെന്ന സംശയത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. നടിയോട് വൈരാഗ്യമുള്ള രണ്ട് സംഘങ്ങള്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങാനുള്ള നീക്കത്തിലാണ് സംഘം.

അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. നടിയോട് വൈരാഗ്യമുണ്ടെന്ന് കരുതുന്ന രണ്ട് വിഭാഗങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ ഐജി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനായി എട്ട് പേരടങ്ങുന്ന രണ്ട് അന്വേഷണ സംഘത്തിന് ഐജി രൂപം നല്‍കിയിട്ടുണ്ട്.

DONT MISS
Top