നടിയെ ആക്രമിച്ച കേസ്: നടന്‍ ധര്‍മജനെ അന്വേഷണസംഘം വിളിപ്പിച്ചു; പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ അന്വേഷണസംഘം വിളിപ്പിച്ചു. ധര്‍മജന്‍ ആലുവ പൊലീസ് ക്ലബ്ബിലെത്തി. നടി ആക്രമണത്തിന് ഇരയായ കേസില്‍ ധര്‍മജന്റെ മൊഴി എടുക്കുമെന്നാണ് വിവരം.

ആലുവ ഡിവൈഎസ്പിയാണ് ധര്‍മജനെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയത്. ഡിവൈഎസ്പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആലുവ പൊലീസ് ക്ലബ്ബില്‍ വന്നതെന്ന് ധര്‍മജന്‍ പ്രതികരിച്ചു.

അതേസമയം, പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണസംഘാംഗം കൂടിയായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. നടിക്കെതിരായ ആക്രമണം ഇരട്ട ക്വട്ടേഷന്‍ ആണെന്ന സംശയത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. നടിയോട് വൈരാഗ്യമുള്ള രണ്ട് സംഘങ്ങള്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങാനുള്ള നീക്കത്തിലാണ് സംഘം.

അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. നടിയോട് വൈരാഗ്യമുണ്ടെന്ന് കരുതുന്ന രണ്ട് വിഭാഗങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ ഐജി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനായി എട്ട് പേരടങ്ങുന്ന രണ്ട് അന്വേഷണ സംഘത്തിന് ഐജി രൂപം നല്‍കിയിട്ടുണ്ട്. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കരുതുന്നത്.

അതിനിടെ കേസില്‍ ആരോപണവിധേയരായി നില്‍ക്കുന്ന നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ഉടന്‍ തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് വിവരം. പുതിയ ചോദ്യാവലി തയ്യാറാക്കിയ അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ്. ആദ്യഘട്ടചോദ്യംചെയ്യലില്‍ നാദിര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായ ചില നിസ്സഹകരണമാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചിരിക്കുന്നത്. ഇരുവരുടേയും മൊഴികളില്‍ പ്രകടമായ വൈരുദ്ധ്യവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തന്റെ ഫോണിലേക്ക് വന്ന ചില കോളുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നാദിര്‍ഷ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് പൊലീസിന് സംശയം ഉണ്ടാക്കിയിരിക്കുകയാണ്. നൂറിലേറെ പേജ് വരുന്ന ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇന്നോ നാളെയോ ഇവരെ ചോദ്യം ചെയ്യും. കഴിഞ്ഞ തവണ രണ്ട് പേരയുെ 13 മണിക്കൂറോളമാണ് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത്.

ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് നേരത്തേ വിവരമുണ്ടായിരുന്നു. ആക്രമണത്തിനിരയായ നടിയുമായുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് ചോദിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ദിലീപ് ഇത് നിഷേധിച്ചിരുന്നു. രേഖകള്‍ നിരത്തിയപ്പോള്‍ ചിലത് ദിലീപിന് സമ്മതിക്കേണ്ടി വന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചില പിണക്കങ്ങള്‍ ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ തന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടി ഇടപ്പെട്ടതാണ് കാരണമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വ്യക്തത വരുത്തിയ ശേഷമേ കേസില്‍ പുതിയ അറസ്റ്റ് ഉണ്ടാകൂ എന്നാണ് വിവരം. അതേസമയം കേസില്‍ ചില നിര്‍ണായക അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന വ്യക്തമായ സൂചനയും പൊലീസ് നല്‍കുന്നുണ്ട്. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടത്.

DONT MISS
Top