‘സിനിമ മേഖലയില്‍ ഇന്നും ലൈംഗിക ചൂഷണമുണ്ട്, കണ്ണടച്ച് ഇരുട്ടാക്കരുത്’ഇന്നസെന്റിനോട് വനിത കൂട്ടായ്മ

അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെ സിനിമയിലം വനിത കൂട്ടായ്മയായ ഡബ്ലുസിസി. സിനിമയില്‍ ലൈംഗിക ചൂഷണം ഇല്ലെന്ന് പറഞ്ഞ ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കി പ്രസ്താവന നടത്തരുതെന്നും ഡബ്ലുസിസി. സിനിമയിലെ പ്രമുഖ നടിമാര്‍ തന്നെ കാസറ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.

പുതുമുഖങ്ങളില്‍ പലരും പല പീഡനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. നിലവിലുള്ള സാമൂഹ്യബന്ധങ്ങള്‍ സിനിമയിലും അതേപടി പ്രതിഫലിക്കുന്നുണ്ട്.
സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ ഇതേകുറിച്ച് പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡബ്ലുസിസി പ്രതികരിച്ചു. ഇന്നസെന്റിന്റെ നിലപാടിനോട് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വനിത കൂട്ടായ്മ രംഗത്തെത്തിയത്.

ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിമെൻ ഇൻ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു  പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടിൽ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങൾ തീർത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്..സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങൾ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നതും മേൽ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്. എന്തിന് ,ഞങ്ങളുടെ സഹപ്രവർത്തകരായ ചിലർ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാർവ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ മാധ്യമ’ങ്ങളുമായി പങ്കുവച്ചിരുന്നു. സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രത്താകണമെന്ന് WCC ആവശ്യപ്പെടുന്നു.

താന്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെന്ന് പറയുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു സിനിമ ലൈംഗിക മുക്ത മേഖലയാണെന്ന് ഇന്നസെന്റ് പറയുന്നത്. പാര്‍വതിയെ പോലുള്ള പ്രമുഖ നടിമാര്‍ അത്തരം പരാതികളുമായി വരുന്നില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്നസെന്റ്.

സിനിമക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടിമാരില്‍ ആരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് വിവരം പറയും. അതില്‍ ചില മോശപ്പെട്ട ആളുകള്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരാം. ഇന്നസെന്റ് പ്രതികരിച്ചു.

തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് സിനിമയില്‍ കാസറ്റിംഗ് കൗച്ച് നിലനില്‍ക്കുന്നില്ല എന്ന് ഇന്നസെന്റ് വ്യക്തമാക്കിയത്.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയം വേണ്ടരീതിയില്‍ ചര്‍ച്ചചെയ്തില്ല എന്നതില്‍ ഇതിന് മുന്‍പും അമ്മയ്‌ക്കെതിരെ വനിത കൂട്ടായ്മ രംഗത്തെത്തിയിരുന്നു.

DONT MISS
Top