പള്‍സര്‍ സുനി വീണ്ടും പൊലീസ് കസ്റ്റഡിയില്‍; സ്രാവുകള്‍ ആരെന്ന് രണ്ട് ദിവസത്തിനകം വെളിപ്പെടുമെന്ന് സുനി

പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്രാവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പിടിയിലാകുമെന്ന് സുനി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുനിയെ കാക്കനാട് ജില്ലാ മജ്‌സിട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അവിടെവെച്ചാണ് സുനിയെ കസ്റ്റഡിയില്‍വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയത്. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

സുനിയെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. മാത്രവുമല്ല കേസിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുനിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകുന്നതിനാണിത്.

കോടതിയില്‍ ഹാജരാക്കിയ വേളയിലാണ് സ്രാവുകള്‍ പിടിയിലാകുമെന്ന് സുനി പ്രതികരിച്ചത്. താന്‍ ഇപ്പോള്‍ ചൂണ്ടയിലാണെന്നും സ്രാവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പിടിയിലാകുമെന്നും ആയിരുന്നു സുനിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താനിപ്പോള്‍ സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നായിരുന്നു സുനിയുടെ പ്രതികരണം. അങ്കമാലി കോടതി ഈ മാസം 18 വരെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരുന്നു.

സുനി കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുനിയെ അറസ്റ്റ് ചെയ്തത്. ജയിലില്‍ വെച്ച് നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ഷയേയും സുനി വിളിച്ചെന്ന് സഹതടവുകാരനായിരുന്ന ജിന്‍സനാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതാണ് കേസില് പുതിയ വഴിത്തിരിവായത്.

DONT MISS
Top