ഇസ്രായേലിന് മോദി നല്‍കുന്ന ഉപഹാരങ്ങള്‍ കൊച്ചിയില്‍ നിന്ന്: കേരളത്തിന്റെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളും അടങ്ങുന്നു

ചെമ്പ് തകിടുകളുടെ പകര്‍പ്പുകള്‍

ജറുസലേം: മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‌ നല്‍കുന്ന  ഉപഹാരങ്ങള്‍ കേരളത്തില്‍ നിന്നുള്ള ചരിത്ര ശേഷിപ്പുകള്‍. ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ കൈവഴിയായ കേരളത്തിന്റെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ രണ്ട് പകര്‍പ്പുകളും, ജൂതര്‍ക്ക് ദൈവം സീനായ് മലയില്‍ നിന്ന് കൊടുത്ത കല്പനകള്‍ അടങ്ങിയ കടലാസ് ചുരുളുകളാണ് മോദി നല്‍കിയത്.

9,10 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട രണ്ട് കോപ്പര്‍ തകിടുകളുടെ പകര്‍പ്പുകളും കൈമാറിയതായി പ്രധാനമന്ത്രി ട്വിറ്റിലൂടെ അറിയിച്ചു. കേരളത്തിലെ ജൂത കാരണവരായ ജോസഫ് റബ്ബാന് ചേരമാന്‍ പെരുമാള്‍ രാജാവ്(ഭാസ്‌കര രവി വര്‍മ്മ) നല്‍കിയ നിര്‍ദ്ദേശങ്ങളും രാജകീയ അവകാശങ്ങളും മുന്‍ഗണനകളും അടങ്ങുന്നതാണ്  ആദ്യ ലിഖിതം.

ജൂതന്മാര്‍ക്ക് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പഴക്കമുള്ള രേഖകളാണ് രണ്ടാമത്തെ ചെമ്പ് തകിടില്‍ അലേഖനം ചെയ്തിരിക്കുന്നത്. ഭൂസംബന്ധമായ രേഖകളും നികുതി ഇളവുകളുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

കേരളത്തില്‍ ജൂതന്മാര്‍ ആദ്യം വസിച്ചിരുന്നത് കൊടുങ്ങല്ലൂരിലായിരുന്നു. അവിടെ അവര്‍ നൂറ്റാണ്ടുകളോളം ജൂത സംസ്‌കാരത്തോടെ ജീവിച്ചശേഷമാണ് കൊച്ചിയിലേക്കും മലബാറിലേക്കും മാറിയത്. കൊടുങ്ങല്ലൂരിനെ കേരള ജൂതന്മാര്‍ രണ്ടാം ജറുസലേമായിട്ടാണ് കണക്കാക്കുന്നത്.

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പര്യടനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ലോക രാജ്യങ്ങള്‍ നോക്കി കാണുന്നത്. ഇന്ത്യാ-ഇസ്രായേല്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം നിര്‍ണായകമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍  നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യസന്ദര്‍ശനത്തിനെത്തുന്നത്.

നരേന്ദ്ര മോദിയെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച നെതന്യാഹു, മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക ചവിട്ടുപടിയാണെന്ന് പറഞ്ഞിരുന്നു. ഇസ്രായേലിന്റെ സൈനിക, സാമ്പത്തിക, നയതന്ത്ര ശക്തിയുടെ പ്രാധാന്യത്തിനുള്ള തെളിവാണ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് സന്ദര്‍ശനം നടത്തുന്നതെന്ന് കാബിനറ്റ് യോഗത്തിന് മുന്നോടിയായി നെതന്യാഹു .വ്യക്തമാക്കിയിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകളില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

DONT MISS
Top