നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടില്‍ കെ സുധാകരന്റെ രഹസ്യ ചര്‍ച്ച

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ രഹസ്യ ചര്‍ച്ച. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഷറീര്‍ ഷൗക്കത്തലിയുടെ ചെറപ്ലശേരിയിലുള്ള വീട്ടിലാണ് സുധാകരന്‍ ചര്‍ച്ചയ്‌ക്കെത്തിയത്. സുധാകരനൊപ്പം കൃഷ്ണദാസും സഹോദരന്‍ കൃഷ്ണകുമാറും ഉണ്ടായിരുന്നു. സുധാകരനും സംഘവുമെത്തിയ വിവിരമറിഞ്ഞ് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. സുധാകരനെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

ലക്കിടി ജവഹര്‍ കോളെജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലി, മര്‍ദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസിനെതിരെ കേസ് കൊടുത്തത്. പരാതിയിന്മേല്‍ കൃഷ്ണദാസിനെതിരെ പഴയന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളെജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് ഷഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളെജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം ഷഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ഷഹീറിര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

DONT MISS
Top