ഗണേഷ് കുമാര്‍ ഇന്നസെന്റിനയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം

ഗണേഷ് കുമാര്‍

കൊല്ലം: താരസംഘടന അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പ്രസിഡന്റ് ഇന്നസെന്റിന് കത്തയച്ചു. ‘അമ്മ’ പിരിച്ചുവിടണമെന്നാണ് കത്തില്‍ ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്. തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് ഗണേഷ് കുമാര്‍ ഇന്നസെന്റിന് കത്തയച്ചത്. പതിനഞ്ച് പേജ് വരുന്ന കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

അമ്മ രൂപീകരിച്ചിട്ട് 23 വര്‍ഷം പിന്നിടുന്നു. എന്നാല്‍ ഇതിലെ അംഗങ്ങള്‍ക്കോ സാധാരണ ജനങ്ങള്‍ക്കോ പൊതുസമൂഹത്തിനോ യാതൊരു ഗുണവുമിലല്ാതെ സംഘടന നാശത്തിലേക്ക് നിര്‍ജീവമായി നീങ്ങുകയാണെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടില്‍ ഇങ്ങനെയൊക്കെയങ്ങ് പോയാല്‍ മതി എന്ന് കരുതുന്ന ചിലര്‍ ഉണ്ടാകും. എന്നാല്‍ തനിക്കതിനാകില്ല. നിരാശാജനകമായ പ്രവര്‍ത്തനങ്ങളിലൂടെ അമ്മ എന്ന സംഘടന കേരളീയ സമൂഹത്തിന് മുന്നില്‍ അപഹാസ്യമാകുന്ന സാഹചര്യത്തില്‍ നന്മ മാത്രം ഉദ്ദേശിച്ച് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനാണ് താന്‍ കത്തെഴുതുന്നതെന്ന് ഗണേഷ് കുമാര്‍ പറയുന്നു.

എന്തായിരുന്നു അമ്മയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍, ഏത് മാനദണ്ഡ പ്രകാരമാണ് ഈ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാല്‍ ഇന്നത്തെ സംഘടനയുടെ മുഖം പ്രസിഡന്റായ അങ്ങയെ പോലും ലജ്ജിപ്പിക്കുമെന്ന് ഗണേഷ് കുമാര്‍ പറയുന്നു. അമ്മയുടെ ഭൂതകാലം അറിയാവുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെതന്നെ കരുതും എന്നാണ് തന്റെ വിശ്വാസമെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു.

തിരുവിതാംകൂര്‍-കൊച്ചി ചാരിറ്റബില്‍ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് അമ്മ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അംഗങ്ങളുടെ ക്ഷേമം എന്നതില്‍ ഇപരി സംഘടനയ്ക്കുണ്ടാകുന്ന സാമ്പത്തിക സാമ്പത്തിക സ്രോതസിന്റെ നല്ല പങ്ക് ചുറ്റുമുള്ള നിരാലംബരുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുക എന്നതാണ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ധര്‍മ്മം. എന്നാല്‍ ഈ സംഘടന എന്ത് ചാരിറ്റബിള്‍ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന് ഗണേഷ് കുമാര്‍ ചോദിക്കുന്നു. കോടിക്കണക്കിന് രൂപ അംഗങ്ങള്‍ക്ക് വീതിച്ചുകൊടുത്തുെകാണ്ടിരുന്നാല്‍ ചാരിറ്റിയാകുമോ എന്നും ഗണേഷ് ചോദിക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ജനറല്‍ ബോഡി യോഗങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ പ്രഖ്യാപിച്ച യാതൊരു കാര്യങ്ങളും ഇന്നേവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഉദാഹരണമാണ് പാവപ്പെട്ട കാന്‍സര്‍ രോഗികളെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴമില്ല എന്ന് പറഞ്ഞ കഴിഞ്ഞ ജനറല്‍ ബോഡിയിലെ പ്രഖ്യാപനമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അംഗപരിമിതരായ നൂറുപേര്‍ക്ക് മുച്ഛക്രവാഹനങ്ങള്‍ നല്‍കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ട മറ്റൊരു തീരുമാനമെടുക്കുക. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി താനും ഏറെ പ്രയത്‌നിച്ചു. എന്നാല്‍ എന്താണ് ഉണ്ടായതെന്ന് നിങ്ങള്‍ അത്മവിമര്‍ശന ബുദ്ധിയോടെ പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നടി ആക്രമണത്തിനിരയായ സംഭവത്തില്‍ വളരെ നെറികെട്ട സമീപനമാണ് അമ്മ സ്വീകരിച്ചത്. അമ്മയിലെ അംഗവും സഹപ്രവര്‍ത്തകയുമായ നടിക്ക് ഏറ്റവും ക്രൂരമായ ആക്രമണ അനുഭവം ഉണ്ടായപ്പോള്‍ ഗൗരവപൂര്‍വം ആ വിഷയത്തില്‍ ഇടപെടാനോ ശക്തമായ പ്രതിഷേധ സ്വരം ഉയര്‍ത്താനോ അമ്മ തയ്യാറായില്ല. തിരശീലയ്ക്ക് പിന്നില്‍ നിന്ന് മുന്നോട്ടുവരാന്‍ അമ്മ നേതൃത്വം മടിച്ചപ്പോള്‍ പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയായ സഹോദരിയുടെ ആത്മാഭിമാനവും സുരക്ഷിതത്വവുമാണ്. ഈ സംഘടന ഒരുതരം അഴകൊഴപ്പന്‍ സമീപനം സ്വീകരിച്ച് നിന്നതല്ലാതെ പ്രകടമായ ഒരു നിലപാട് കൈക്കൊള്ളുന്നതിനോ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനോ ശ്രമിച്ചില്ല. ആ സമയത്താണ് ജോയി മാത്യു അടക്കമുള്ള ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തതെന്ന് ഓര്‍ക്കണം. അവര്‍ കാണിച്ച പ്രതിബന്ധതയെ ഒരിക്കലും കുറ്റപ്പെടുത്തുവാനും വിലകുറച്ചു കാണുവാനും സാധിക്കില്ല. നടീ, നടന്നമാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടുന്ന ഈ സംഘടനയില്‍ നിന്നും നീതി ലഭിക്കില്ലായെന്ന അനുഭവവും വിശ്വാസവുമാണ് ആ സമയത്ത് സ്ത്രീകളുടെ കൂട്ടായ്മ ഈ മേഖലയില്‍ ഉണ്ടാകാന്‍ ഇടയായതെന്ന സത്യവും അമ്മ നേതൃത്വം മറക്കരുതെന്നും ഗണേഷ് കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ വാര്‍ഷിക യോഗത്തിന് മുന്‍പാണ് ഇത്തരത്തിലൊരു കത്ത് ഗണേഷ് കുമാര്‍ എഴുതിയതെന്നാണ് വിവരം. യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ഗണേഷ് കുമാര്‍ തട്ടിക്കയറിയിരുന്നു. ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും കുറുക്കന്‍ വേട്ടയാടുന്നത് പോലെ വേട്ടയാടരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ദിലീപുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിയപ്പോള്‍ നടനും എംഎല്‍എയുമായ മുകേഷും മാധ്യമപ്രവര്‍ത്തകരോട് മോശമായി സംസാരിച്ചിരുന്നു.

DONT MISS
Top