”കോരചേട്ടന്‍ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞു, നിങ്ങള്‍ ഞങ്ങളെ ഊരുവിലക്കാന്‍ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപ്പെട്ടു” സിനിമ ഫാസിസത്തിനെതിരെ തുറന്നടിച്ച് ആഷിഖ് അബു

ആഷിഖ് അബു

മലയാളസിനിമയില്‍ യുവസംവിധായകര്‍ക്ക് വിലക്കുണ്ടെന്ന ആരോപണത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക്ക് അബു. മലയാള സിനിമയിലെ മികച്ച രണ്ട് സംവിധായകരായ അന്‍വര്‍ റഷീദിനും, അമല്‍ നീരദിനും പിന്തുണയായാണ്  ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കില്ല എന്ന കാരണത്താല്‍ തങ്ങളുടെ സിനിമകള്‍ നേരിടുന്ന വിലക്കിനെ സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ റഷീദും, അമല്‍ നീരദും വ്യക്തമാക്കിയിരുന്നു.

സിഐഎ എന്ന പുതിയ ചിത്രം നേരിടുന്ന വിലക്കിനെ കുറിച്ചും, പറവ എന്ന വരാനിരിക്കുന്ന ചിത്രം നേരിടുന്ന ഭീക്ഷണിയെ കുറിച്ചും അമല്‍ നീരദും, അന്‍വര്‍ റഷീദും വ്യക്തമാക്കിയിരുന്നു. സിനിമയിലെ ഈ ഫാസിസ്റ്റ് പ്രവണതയെ നിശിതമായി വിമര്‍ശിച്ചും,
അമല്‍ നീരദിനും, അന്‍വര്‍ റഷീദിനും പിന്തുണ പ്രഖ്യാപിച്ചുമാണ് ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ആഷിക്ക് അബു അഭിപ്രായം വ്യക്തമാക്കിയത്.

കോരചേട്ടൻ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണ്, ഞങ്ങൾ സിനിമകൾ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതിൽ വേണ്ട ആഷിഖ് അബു പറയുന്നു.  നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങൾ ഞങ്ങളെ ഊരുവിലക്കാൻ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടെന്ന് ആഷിഖ് അബു വ്യക്തമാക്കുന്നു.

DONT MISS
Top