‘വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേല്‍ കാല്‍ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ്’ എന്റെ നായാപൈസ പോലും മലയാള സിനിമയുടെ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ ഇനി അനുവദിക്കില്ലെന്ന് എസ് ശാരദക്കുട്ടി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. വിഷയം അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശാരദക്കുട്ടിയുടെ വിമര്‍ശനം.

അമ്മയില്‍ ആണാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും ഇത്തരം വിഷയങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ വിമണ്‍ കളക്ടീവിന് സാധിക്കട്ടേയെന്നും ആശംസിക്കുന്നതാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്. എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ലെന്നും ശാരദക്കുട്ടി എഴുതുന്നു.

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ല.അതുകൊണ്ടു മലയാള സിനിമയ്ക്കോ ആണഹന്തക്കോ ഒരു പുല്ലും സംഭവിക്കില്ല എന്നെനിക്കറിയാം.പക്ഷെ എനിക്കുണ്ടല്ലോ ഒരു ആത്മാഭിമാനം.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ.ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ, ഒന്നടങ്കം ചെയ്യാൻ തയ്യാറാകുന്ന കാലത്തേ ഈ ധാർഷ്ട്യം അവസാനിക്കൂ..കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ.കഴിയണം. ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേൽ കാൽ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്.ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ഒരു മടങ്ങി ചെല്ലൽ സാധ്യവുമല്ല.
എസ്. ശാരദക്കുട്ടി

DONT MISS
Top