“അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല കൊല്ലത്തെ ജനങ്ങള്‍ മുകേഷിന് വോട്ടുചെയ്തത്”; രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍

മുകേഷ് അമ്മ യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നു

കൊല്ലം : എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ രംഗത്ത്. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല കൊല്ലത്തെ ജനങ്ങള്‍ മുകേഷിന് വോട്ടുചെയ്തതെന്ന് എന്‍ അനിരുദ്ധന്‍ അഭിപ്രായപ്പെട്ടു. താരസംഘടനയായ അമ്മയുടെ യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ രോഷപ്രകടനത്തിനെതിരെയാണ് അനിരുദ്ധന്‍ വിമര്‍ശനം ഉന്നയിച്ചത്.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസന്വേഷണം പൂര്‍ത്തിയാകും മുമ്പേ ദിലീപ് കുറ്റക്കാരനല്ലെന്ന് ജനപ്രതിധിയായ മുകേഷ് അഭിപ്രായപ്പെട്ടത് കേസന്വേഷണത്തെ സ്വാധീനിക്കുന്നതിന് തുല്യമാണ്. വിധി പ്രസ്താവം മുകേഷ് തന്നെ നടത്തിയിരിക്കുകയാണ്. പൊലീസും കോടതിയും പിന്നെ എന്തിനാണെന്നും എന്‍ അനിരുദ്ധന്‍ ചോദിച്ചു.

അമ്മയുടെ യോഗത്തിലെ എംഎല്‍എമാരുടെ രോഷപ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഐഎമ്മിലെ ഒരുപറ്റം നേതാക്കള്‍ മുകേഷിന്റെ നടപടിക്കെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലും വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടിയെ ആക്രമിച്ച സംഭവവവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോഴാണ് മുകേഷും ഗണേഷ് കുമാറും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായത്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ആവശ്യപ്പെട്ട് അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഗണേഷ് കുമാറും അഭിപ്രായപ്പെട്ടു.

DONT MISS
Top