കര്‍ഷകന്റെ ആത്മഹത്യ: സഹോദരനേയും വില്ലേജ് ഓഫീസറേയും ചോദ്യം ചെയ്യും

കോഴിക്കോട്: കോഴിക്കോട് ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആത്മഹത്യ കുറിപ്പിലെ പരാമര്‍ശത്തെത്തുടര്‍ന്ന് ജോയിയുടെ സഹോദരന്‍ ജെയിംസിനേയും വില്ലേജ് ഓഫീസറേയും അന്വേഷണ ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്യും. അതേസസമയം ജോയിയുടെ മറ്റെരു സഹോദരന്‍ ജോസിനെ പേരാമ്പ്ര സിഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ചോദ്യം ചെയ്തു.

സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ജോസിനെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു. ജോയിക്ക് മറ്റൊരു സഹോദരന്‍ ജിമ്മിയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ജോസ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ജെയിംസിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ വില്ലേജ് ഓഫീസര്‍ സലീഷിനേയും പൊലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷമാകും കേസില്‍ മറ്റ് ആര്‍ക്കെണ്ടിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുക.

ജോയ് ആത്മഹത്യ ചെയ്ത സംഭവം കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നെന്ന് സഹോദരന്‍ ജോണ്‍സണ്‍ ആരോപിച്ചിരുന്നു. ഈ നീക്കത്തിന് പിന്നില്‍ പൊലീസാണെന്നും അദ്ദേഹം ആരോപിച്ചു. ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ ജിമ്മിയെ കുറിച്ച് സൂചനയുണ്ടായിരുന്നു. ജിമ്മിയുമായി തനിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിമ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാനും പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു.

ജോയിയുടെ ബൈക്കില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലാണ് സഹോദരന്‍ ജിമ്മിയെ കുറിച്ച് പരാമര്‍ശമുള്ളത്. ഭൂസ്വത്തുമായി ബന്ധപ്പെട്ട് സഹോദരനുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും തന്റെ ഭൂമി നികുതിയടച്ച് സ്വന്തമാക്കാന്‍ സഹോദരന്‍ ശ്രമിക്കുന്നെന്നുമുള്ള പരാമര്‍ശങ്ങള്‍ കുറിപ്പില്‍ ഉള്ളതായാണ് വിവരം. തന്റെ ഭൂമിയില്‍ മറ്റൊരാള്‍ നികുതിയടയ്ക്കുന്നുണ്ടെന്നും അതാരാണെന്ന് പലതവണ ചോദിച്ചിട്ടും വില്ലേജ് അസിസ്റ്റന്റായിരുന്ന സലീഷ് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്നും ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. തന്റെ ഭൂമിക്ക് നികുതിയടയ്ക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്ന് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. വില്ലേജ് ഓഫീസില്‍ സലീഷ് ഇരുക്കുന്നിടത്തോളം തനിക്ക് നികുതി അടയ്ക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാകുറിപ്പില്‍ ജോയി പറഞ്ഞിരിക്കുന്നു.

DONT MISS
Top