“ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ധീരതയോടെ മുന്നോട്ടുവന്ന് എല്ലാം തുറന്നുപറഞ്ഞ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രമേയം പോലും ഉണ്ടായില്ല”: അമ്മയെ വിമര്‍ശിച്ച് വിനയന്‍

മലയാള സിനിമയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതിലൂടെ തന്റെ വായ അടപ്പിക്കാമെന്നോ നിലപാടുകളില്‍ നിന്ന് വ്യതിചലിപ്പിക്കാമെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് സംവിധായകന്‍ വിനയന്‍. ഈ ജന്‍മം തീരുന്നതുവരെ, മരിച്ചുമണ്ണടിയുന്നത് വരെ ആ നിലപാടുകളില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും ഏതെങ്കിലും സ്വകാര്യനേട്ടങ്ങള്‍ക്കു വേണ്ടി വ്യക്തിത്വം അടിയറവ് വെയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ തന്നോട് ചെയ്ത ചെയ്തികളുടെ പേരില്‍ തനിക്കാരോടും പകയോ വൈരാഗ്യമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന അമ്മയുടെ മീറ്റിംഗില്‍ എന്നോട് സ്‌നേഹം കാണിച്ച ജനറല്‍ സെക്രട്ടറി മമ്മൂട്ടിയോടും വൈസ് പ്രസിഡന്റ് ഗണേഷ് കുമാറിനോടുമുള്ള എന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടുന്നു.

ഇന്നലത്തെ അമ്മയുടെ ജനറല്‍ ബോഡിയോഗത്തിന് ശേഷം നനടന്ന വാര്‍ത്താസമ്മേളനത്തില്‍ മീഡിയയോട് കുറച്ചുകൂടി പക്വതയോടെ പെരുമാറാമായിരുന്നുവെന്ന് വിനയന്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു മറച്ചുവെക്കാതെ ധീരതയോടെ മുന്നോട്ടുവന്ന് നിയമത്തിനു മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ ആ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അമ്മയുടെ ജനറല്‍ ബോഡിയില്‍ നിന്നും കേരളജനത പ്രതീക്ഷിച്ചിരുന്നു. അതും ഉണ്ടാകാഞ്ഞത് ഖേദകരമാണ്. പോസ്റ്റില്‍ വിനയന്‍ പറയുന്നു.

DONT MISS
Top