നടിക്കെതിരായ മോശം പരാമർശം : നടന്‍ ദിലീപ് അമ്മ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചു

ദിലീപ് ( ഫയല്‍ ചിത്രം )

കൊച്ചി : നടിക്കെതിരായ മോശം പരാമർശത്തിൽ നടന്‍ ദിലീപ്​ അമ്മ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചു. പരാമർശം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദമുണ്ട്​. താൻ പറയാത്ത വിഷയത്തിലും ചർച്ചകൾ നടക്കുന്നു. വിഷയത്തിൽ എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്നും താരസംഘടനയായ അമ്മയുടെ ട്രഷറര്‍ കൂടിയായ ദിലീപ്​ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിലെ തത്സമയ സംവാദ പരിപാടിയായ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ദിലീപ് നടിയെക്കുറിച്ച് മോശമായി സംസാരിച്ചത്.  താങ്കള്‍ക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദിലീപ്. ” എനിക്ക് സുനിയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ആ നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് നടന്ന ആളുകളാണ്. ആരോടൊക്കെ കൂട്ടുകൂടണമെന്ന് സൂക്ഷിച്ച് തീരുമാനിക്കണം.” ഇതായിരുന്നു ദിലീപിന്റെ വാക്കുകള്‍.

അതേസമയം, അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം റിമ കല്ലിങ്ങലും രമ്യാ നമ്പീശനും ഉന്നയിച്ചു. ഇക്കാര്യം റിമ പുറത്തുവന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.  ഈ വിഷയത്തില്‍ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് അമ്മക്ക് കത്ത് കൊടുക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് കത്ത് കൊടുത്തത്. എന്നാല്‍ ഈ വിഷയങ്ങളൊന്നും യോഗം ചര്‍ച്ചചെയ്തില്ല.

എന്നാല്‍ ദിലീപിനെ ഏതുവിധേനയും രക്ഷിക്കാനുള്ള വ്യഗ്രതയാണ് യോഗശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രകടമായത്. നടി ആക്രമിക്കപ്പെട്ട സംഭവം ആരും അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഉന്നയിച്ചിട്ടില്ലെന്ന്​ അമ്മ പ്രസിഡൻറും എംപിയുമായ ​ ഇന്നസെന്റ് പറഞ്ഞു. വുമൺ ഇൻ സിനിമ കളക്​ടീവ്​ സംഘടനയുമായി പ്രശ്​നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ സിനിമാ താരങ്ങളും എംഎല്‍എമാരുമായ മുകേഷും ഗണേഷ് കുമാറും ക്ഷുഭിതരായി. മാധ്യമങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും സിപിഐഎം എംഎല്‍എ കൂടിയായ മുകേഷ് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി ആവശ്യപ്പെട്ടു. പട്ടിയെ പേപ്പട്ടിയായി ചിത്രീകരിച്ച് ആക്രമിക്കുകയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

DONT MISS
Top