മുംബൈ ആക്രമണത്തെ അതിജീവിച്ച കുഞ്ഞ് മോഷെയെ ഇസ്രായേലില്‍ മോദി സന്ദര്‍ശിക്കും

മോഷെയും സാന്ദ്രയും (ഫയല്‍)

ദില്ലി: അടുത്തയാഴ്ച ഇസ്രായേലില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2008 -ലെ മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബേബി മോഷയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ക്ഷണപ്രകാരമുള്ള മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ജൂലൈ നാലുമുതല്‍ ആറുവരെയാണ്.

2008 നവംബര്‍ 26 നായിരുന്നു മുംബൈയിലെ ഭീകരാക്രമണം. പാകിസ്താന്‍ കേന്ദ്രമായുള്ള ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മോഷെയുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയില്‍ അഞ്ചിടങ്ങളിലാണ് ഭീകരാക്രണമുണ്ടായത്. ഇതില്‍ നരിമാന്‍ ഹൗസില്‍ നടന്ന ആക്രമണത്തിലാണ് അന്നു രണ്ടു വയസുകാരനായിരുന്ന മോഷെയ്ക്ക് മാതാപിതാക്കളെ നഷ്ടമായത്. മോഷെയുടെ മാതാപിതാക്കളായ റിവ്കയും ഗാവ്‌റിയേല്‍ ഹോള്‍സ്‌ബെര്‍ഗുമടക്കം എട്ടുപേരാണ് നരിമാന്‍ ഹൗസില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത് ഇന്ത്യക്കാരിയായ കുട്ടിയുടെ ആയ സാന്ദ്ര സാമുവലായിരുന്നു. കുട്ടിയുമായി സാന്ദ്ര വളരെ വിദഗ്ധമായി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സാന്ദ്രയും കുട്ടിയും ഇസ്രായേലിലേക്ക് തിരിച്ചുപോയി. മോഷെ പിന്നീട് തന്റെ അമ്മയുടെ മാതാപിതാക്കളായ ഷിമോന്റെയും യെഹുദിത്ത് റോസന്‍ബെര്‍ഗിന്റെയും സംരക്ഷണയിലായിരുന്നു.

ഇപ്പോള്‍ പത്തുവയസുള്ള മോഷെയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വിവരം ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ ഡാനിയേല്‍ കാര്‍മോണ്‍ ആണ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്.

DONT MISS
Top