ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച്: മറ്റൊരു മുന്‍ ഇന്ത്യന്‍ താരവും പരിഗണനയില്‍

വെങ്കിടേഷ് പ്രസാദ്

മുംബൈ: അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി പരിഗണിക്കാനായി രവി ശാസ്ത്രി അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരാളെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പരിശീലകനായി പരഗണിക്കുന്നു.

മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദിന്റെ പേരാണ് പുതുതായി ഉയര്‍ന്നുവരുന്നത്. ഇപ്പോള്‍ ദേശീയ ജൂനിയര്‍ ടീമിന്റെ ചീഫ് സെലക്ടറായി പ്രവര്‍ത്തിക്കുന്ന വെങ്കിടേഷ് പ്രസാദ് പക്ഷെ, പുതിയ വാര്‍ത്തകള്‍ നിഷേധിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്, ഓസീസ് മുന്‍ താരം ടോം മൂഡി, അഫ്ഗാനിസ്ഥാന്‍ ദേശീയ ടീം പരിശീലകന്‍ ലാല്‍ചന്ദ് രജ്പുത്ത്, ദോഡ ഗണേഷ് എന്നിവരാണ് അനില്‍ കുംബ്ലെയ്ക്ക് പിന്‍ഗാമിയാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സേവാഗ് പരിശീലകനാകും എന്ന വാര്‍ത്ത സജീവമായിരുന്ന ഘട്ടത്തിലാണ് രവി ശാസ്ത്രിയോട് ബിസിസിഐ, അപേക്ഷ ചോദിച്ചുവാങ്ങിയത്. പരിശീലകനാക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ താന്‍ അപേക്ഷിക്കുന്നുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുന്‍പ് ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള രവി ശാസ്ത്രി ബയോഡാറ്റയും അപേക്ഷയും സമര്‍പ്പിച്ചത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെങ്കിടേഷ് പ്രസാദിനെയാണ് ബിസിസിഐ പരിഗണിക്കുന്നതന്ന വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി 162 ഏകദിനങ്ങളും 33 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുള്ള വെങ്കിടേഷ് പ്രസാദ്, ജവഗല്‍ ശ്രീനാഥിനൊപ്പം മികച്ച ഓപ്പണിംഗ് ബൗളിംഗ് പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന അദ്ദേഹം ഈ സെപ്റ്റംബറില്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ഇന്ത്യന്‍ ടീമിന്റെ അടുത്തമാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി പുതിയ പരിശീലകനെ തീരുമാനിക്കുമെന്ന് ബിസിസിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും മറ്റ് മുതിര്‍ന്ന താരങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് കോച്ചായിരുന്ന അനില്‍ കുംബ്ലെ രാജിവച്ചത്.

DONT MISS
Top