“ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്‍പിലേക്ക് കയറി വരണ്ട എന്ന താക്കീത്”; ദിലീപ് നായകനാകുന്ന രാമലീലയുടെ ടീസര്‍ പുറത്ത്

ടീസറില്‍ നിന്ന്‌

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ ടീസര്‍ പുറത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്ന അവസരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.

രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തില്‍ ഉണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിയെത്തിയ ദിലീപിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി അരങ്ങേറുന്ന വിവാദങ്ങള്‍ ദിലീപിനോടൊപ്പം രാമലീലയേയും ലക്ഷ്യം വെച്ചാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനു ശേഷം കുതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും സജീവമായതെന്നതിനാല്‍ ഇക്കാര്യം ഉറപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 19 പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.

DONT MISS
Top