സംസ്ഥാനത്തെ പനി മരണം: രമേശ് ചെന്നിത്തല കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തെഴുതി

തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്ക് കത്തെഴുതി. പനിമരണങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്നാണ് കത്തിലെ ആവശ്യം.

വിവിധ തരം പനി ബാധിച്ച് കേരളത്തില്‍ നിരന്തരം ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഒരു വിദഗ്ധ വൈദ്യസംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

“പനി നിയന്ത്രണ വിധേയമാക്കുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളെജുകള്‍ക്കും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങള്‍ക്കും ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പനി പടര്‍ന്ന് പിടിക്കുന്നതിന്റെയും ആളുകള്‍ മരിക്കുന്നതിന്റെയും ശാസ്ത്രീയ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളിലുള്ള പരിമിതികളും ഈ രംഗത്തെ വിദഗ്ധരുടെ അഭാവവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം”.

“ജനിതക മാറ്റം വന്ന വൈറസുകളും കൊതുകുകളും പെരുകി, അവയെ നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയാതെ വന്നു. ഇതിന്റെ ഫലമായി എച്ച്‌വണ്‍ എന്‍വണ്‍, ഡങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ, മറ്റുപനികള്‍ എന്നിവ സംസ്ഥാനത്ത് പടരുകയാണ്. ഇത്തരം പനികള്‍ പടര്‍ന്ന് പിടിച്ച് ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ സംജാതമാക്കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്‍കൈയെടുത്ത് ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്ക് അയക്കുകയും അതുവഴി പനിമരണങ്ങളുടേയും പനി വ്യാപനത്തിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണം”. കത്തില്‍ ചെന്നിത്തല പറയുന്നു.

DONT MISS
Top