ട്രംപിനെ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഉത്തര കൊറിയ ; ട്രംപിന്റെ നയങ്ങള്‍ നാസി പ്രസ്ഥാനത്തിന്‍േറതിന് സമാനമെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ എഡിറ്റോറിയല്‍

ഫയല്‍ ചിത്രം

പ്യോംഗ് യാംഗ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ജര്‍മനിന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ എഡിറ്റോറിയലിലാണ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അമേരിക്ക ആദ്യമെന്ന ട്രംപിന്റെ നയങ്ങള്‍, 20ാം നൂറ്റാണ്ടിലെ നാസി പ്രസ്ഥാനത്തിന്‍േറതിന് സമാനമാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

‘ഹിറ്റ്‌ലര്‍ ആളുകളെ വിഭജിച്ചിരുന്നത് സുഹൃത്തുക്കളും ശത്രുക്കളുമെന്നായിരുന്നു. ഹിറ്റ്‌ലറുടെ സിദ്ധാന്തങ്ങള്‍പോലെ ട്രംപും ജനങ്ങളെ രണ്ടായി വിഭജിക്കുകയാണ്. അമേരിക്ക ആദ്യമെന്ന ട്രംപിന്റെ മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും എന്നുമാത്രമാണെന്ന് ന്യൂസ് ഏജന്‍സി എഡിറ്റോറിയല്‍ പറയുന്നു.

ട്രംപിനെ കഴിഞ്ഞദിസം ഭ്രാന്തന്‍ എന്ന് ഉത്തരകൊറിയ വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്നത്. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ യുഎസ് സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഉത്തരകൊറിയന്‍ പ്രതികരണം. ഉത്തര കൊറിയക്കെതിരെ ശക്തമായ ഉപരോധത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു എന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

യു എന്‍ അടക്കം ലോകരാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച്
ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന്, ഉത്തരകൊറിയയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതേത്തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ യുഎസ് ആണവ പോര്‍മുനകള്‍ വിന്യസിക്കുകയും ചെയ്തിരുന്നു.

DONT MISS
Top