ലോധ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കല്‍ : ബിസിസിഐ ഏഴംഗ സമിതി രൂപീകരിച്ചു; ടിസി മാത്യുവും സമിതിയില്‍

രാജീവ് ശുക്ലയും, ടിസി മാത്യുവും ( ഫയല്‍ ചിത്രം )

മുംബൈ : ലോധാകമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഊര്‍ജ്ജിതമാക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രത്യേക സമിതിയെ നിയോഗിച്ചു. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അധ്യക്ഷനായ ഏഴംഗ സമിതിയെയാണ് ബിസിസിഐ നിയോഗിച്ചത്.

ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടിസി മാത്യുവും സമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് സമിതിയിലുള്ള ഏക ക്രിക്കറ്റ് താരം.

ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, നബാ ബാനര്‍ജി, ജയ് ഷാ എന്നിവരാണ് സമിതിയുള്ള മറ്റംഗങ്ങള്‍.

ലോധ സമിതിയുടെ സുപ്രധാനനിര്‍ദേശങ്ങളായ ഒരു സംസ്ഥാനം ഒരു വോട്ട്, ഭാരവാഹിയുടെ പരമാവധി പ്രായം 70 വയസ്സായി നിശ്ചയിക്കുക, ഒരു തവണ ഭാരവാഹിയായാല്‍ വീണ്ടും ഭാരവാഹി ആകാന്‍ മൂന്നുവര്‍ഷത്തെ ഇടവേള നിശ്ചയിക്കുക, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ എണ്ണം, അവരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ബിസിസിഐ സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ബിസിസിഐയുമായി ബന്ധപ്പെട്ട കേസ് ജൂലായ് 14 ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കുകയാണ്. അതിനാല്‍ ജൂലായ് 10 ന് മുമ്പായി നിര്‍ദേശം സമര്‍പ്പിക്കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിട്ടുള്ളത്.

DONT MISS
Top