രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍

ദില്ലി:  മുന്‍ ഇന്ത്യന്‍ താരവും, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറുമായിരുന്ന രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബിസിസിഐ ക്കും ഒരുപോലെ താല്‍പര്യമുള്ള വ്യക്തിയാണ് രവിശാസ്ത്രി. 2014- 2016 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന രവിശാസ്ത്രിയുടെ കീഴിലും ഇന്ത്യ കളിച്ചിട്ടുണ്ട്.

നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ച ഒഴിവിലേക്കാണ് രവിശാസ്ത്രി അപേക്ഷ നല്‍കിയിരിക്കുന്നത്. രവിശാസ്ത്രിയെ കൂടാതെ വീരേന്ദ്ര സേവാഗ്, ടോംമൂഡി, ലാല്‍ചന്ദ് രജ്പുത്, എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്ന മറ്റ് പ്രമുഖര്‍.

കഴിഞ്ഞ ദിവസമാണ് കുംബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തുനിന്ന് രാജിവെച്ചത്. നായകന്‍ കോഹ്‌ലിയുമായുള്ള പടലപ്പിണക്കത്തെ തുടര്‍ന്നായിരുന്നു രാജി. കുംബ്ലെയുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു കോഹ്‌ലിയുടേത്. ഇക്കാര്യം അദ്ദേഹം ബിസിസിഐ ഭാരവാഹികളേയും ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിയേയും അറിയിച്ചിരുന്നു. കുംബ്ലെയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും പരിശീലന മുറകളും തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍. തങ്ങള്‍ക്ക് പരിശീലകന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ വിന്‍ഡീസ് പര്യടനം നടക്കുന്നതിനാല്‍ അദ്ദേഹത്തിന് അതുവരെ കാലാവധി നീട്ടിനല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പര്യടനത്തിന് പരിശീലകന്‍ ഇല്ലാതെയാണ് ടീം വിന്‍ഡീസിലേക്ക് തിരിച്ചത്. തുടര്‍ന്ന് തനിക്ക് തുടരാന്‍ താത്പര്യമില്ലെന്ന് കാട്ടി കുംബ്ലെ ബിസിസിഐയ്ക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.

DONT MISS
Top