യുഎസ് വെബ്സൈറ്റുകള്‍ ഐഎസ് ഹാക്ക് ചെയ്തു; മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും ട്രംപിന് ഉത്തരവാദിത്വമുണ്ടെന്ന് ഐഎസിന്റെ സന്ദേശം

ഹാക്ക് ചെയ്ത സൈറ്റുകളില്‍ ഐഎസ് പോസ്റ്റ് ചെയ്ത സന്ദേശം

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഒഹിയോ സംസ്ഥാന സര്‍ക്കാരിന്റെ വെബ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു.ഒഹിയോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ വെബ്‌സൈറ്റ് അടക്കം ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകലില്‍ ഐഎസ് അനുകൂല മുദ്രാവാക്യങ്ങള്‍ ഭീകരര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉത്തരവാദിത്വമുണ്ടെന്നും എല്ലാത്തിനും നിങ്ങള്‍ കണക്കു പറയേണ്ടിവരുമെന്ന സന്ദേശവുമാണ് ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. കറുത്ത പ്രതലത്തില്‍ അറബിക് സിംബലടക്കമാണ് സന്ദേശം രേഖപ്പെടുത്തിയിട്ടുള്ളത്. ഐ ലവ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന വാചകത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.

ഭീഷണി സന്ദേശത്തോടൊപ്പം തന്നെ പശ്ചാത്തലത്തില്‍ പ്രത്യേക സംഗീതവുമുണ്ടെന്ന് അമേരിക്കന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഹിയോ ഗവര്‍ണറുടെ ഓഫീസ്, റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്, കാസിനോ കണ്‍ട്രോളര്‍ കമ്മീഷന്‍, ആരോഗ്യ വിഭാഗം ഹെഡ് ഓഫീസ്, ഐ.ജി ഓഫീസ് എന്നിവയുടെ വെബ്‌സൈറ്റുകള്‍ അടക്കം നിരവധി ഔദ്യോഗിക വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ടീം സിസ്റ്റം ഡിഇസഡ് എന്ന് സ്വയം വിശേഷിപ്പിച്ച ഗ്രൂപ്പാണ് ഹാക്കിംഗിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, ഹാക്ക് ചെയ്ത വെബ് സൈറ്റുകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ഒഹിയോ ഭരണകാര്യ വകുപ്പ് അറിയിച്ചു.

DONT MISS
Top