ജോയിയുടെ ആത്മഹത്യ കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നെന്ന് സഹോദരന്‍

കോഴിക്കോട്: കൈവശഭൂമിയുടെ കരം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതിനെ തുടര്‍ന്ന് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവം കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നെന്ന് സഹോദരന്‍ ജോണ്‍സണ്‍. ഈ നീക്കത്തിന് പിന്നില്‍ പൊലീസാണെന്നും അദ്ദേഹം ആരോപിച്ചു. ജോയിയുടെ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു സഹോദരനെ സംശയമുനയില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് പ്രതികരണം.

ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ മറ്റൊരു സഹോദരനായ ജിമ്മിയെ കുറിച്ച് സൂചനയുണ്ടായിരുന്നു. ജിമ്മിയുമായി തനിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ജിമ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സഹോദരനായ ജോണ്‍സണ്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിമ്മിയും ജോയിയും തമ്മില്‍ കുടുംബപരമായ കാര്യങ്ങളിലാണ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതെന്നും ഭൂമിസംബന്ധമായിട്ടായിരുന്നില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു. വില്ലേജ് അസിസ്റ്റന്റ് സിരീഷുമായിട്ടാണ് ജോയിക്ക് ഭുമിവിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതെന്നും സിരീഷിനെ സംരക്ഷിക്കാന്‍ സര്‍വ്വീസ് സംഘടനകളില്‍ നിന്ന്‌പോലും ശ്രമം നടക്കുന്നുണ്ടെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ജോയിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകാം ആത്മഹത്യാകുറിപ്പില്‍ ജിമ്മിയുടെ പേര് വന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ജോയിയും ജിമ്മിയും കുറച്ച് നാളുകളായി മിണ്ടാറില്ലായിരുന്നെന്ന് ജോയിയുടെ ഭാര്യ മോളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജോയിയുടെ ബൈക്കില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലാണ് സഹോദരന്‍ ജിമ്മിയെ കുറിച്ച് പരാമര്‍ശമുള്ളത്. ഭൂസ്വത്തുമായി ബന്ധപ്പെട്ട് സഹോദരനുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും തന്റെ ഭൂമി നികുതിയടച്ച് സ്വന്തമാക്കാന്‍ സഹോദരന്‍ ശ്രമിക്കുന്നെന്നുമുള്ള പരാമര്‍ശങ്ങള്‍ കുറിപ്പില്‍ ഉള്ളതായാണ് വിവരം. തന്റെ ഭൂമിയില്‍ മറ്റൊരാള്‍ നികുതിയടയ്ക്കുന്നുണ്ടെന്നും അതാരാണെന്ന് പലതവണ ചോദിച്ചിട്ടും വില്ലേജ് അസിസ്റ്റന്റായിരുന്ന സരീഷ് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്നും ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. തന്റെ ഭൂമിക്ക് നികുതിയടയ്ക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്ന് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. വില്ലേജ് ഓഫീസില്‍ സരീഷ് ഇരുക്കുന്നിടത്തോളം തനിക്ക് നികുതി അടയ്ക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാകുറിപ്പില്‍ ജോയി പറഞ്ഞിരിക്കുന്നു.

DONT MISS
Top