മാപ്പ് ചോദിക്കുന്നു..മാപ്പര്‍ഹിക്കാത്ത തെറ്റിന്: മെട്രോയില്‍ കിടന്നതിന്റെ പേരില്‍ അപമാനിച്ച സംഭവം, വിമര്‍ശനവുമായി കുഞ്ചാക്കോ ബോബന്‍

പ്രതീകാത്മകചിത്രം

കൊച്ചി: മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ശാരീരിക അവശതകളുള്ള മധ്യവയസ്‌കനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ വിമർശനവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. എൽദോയുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ് താരം ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.

സംസാരിക്കാനും കേൾക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ലെന്നും.മെട്രോ എന്ന മഹാ സംഭവത്തിൽ അറിയാതെ തളർന്നു വീണു പോയ ഒരു സഹോദരനാണിതെന്നും പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ സംഭവത്തോടുള്ള താരത്തിന്റെ രൂക്ഷമായ  വിമർശനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ,അയാളുടെ ശാരീരിക-മാനസിക അവസ്ഥ അറിയാതെ
മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ, നാളെ നിങ്ങൾക്കും ഈ അവസ്ഥ  വരാമെന്നത് ആലോചിക്കണമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.  

ഇതിലൂടെ നിങ്ങളോട് ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യൻറെ ജീവിതവും കുടുംബവും ആയിരിക്കാം തകർന്നതെന്നും  അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാകാം ഇല്ലാതായതെന്നും താരം പറയുന്നു.  ഇങ്ങനെ ചെയ്യുന്നത് എന്തിനു വേണ്ടിയാണെന്നും, അതിലൂടെ എന്തു നേടിയെന്നും താരം ചോദിക്കുന്നു.  

പ്രിയപ്പെട്ട എൽദോ, സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത താങ്കൾ ഇതൊന്നും കേൾക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത്,പക്ഷെ നിങ്ങൾ ഇതറിയും,നിങ്ങൾ വിഷമിക്കും ,നിങ്ങളുടെ കുടുംബം വേദനിക്കും, ഞാൻ ഉൾപ്പടെയുള്ള ,സാമൂഹ്യ ബോധം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും മാപ്പർഹിക്കാത്ത ഈ തെറ്റിന് മാപ്പ് ചോദിക്കുകയാണെന്നും പോസ്റ്റില്‍ താരം പറയുന്നു.

കഴിഞ്ഞ ദിവസമാണ് അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ എല്‍ദോയുടെ ചിത്രം  സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മെട്രോയില്‍ കിടന്നുറങ്ങിയ എല്‍ദോയുടെ ചിത്രം ‘കൊച്ചി മെട്രോയിലെ പാമ്പ്’ എന്ന തലക്കെട്ടോടെയാണ് പ്രചരിച്ചിരുന്നത്. വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് വഴിയാണ് എല്‍ദോയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട് മടങ്ങുന്നതിനിടെ മെട്രോയില്‍ കയറിയപ്പോള്‍ അല്‍പ സമയം എല്‍ദോ ഉറങ്ങിയിരുന്നു. ഇത് പകര്‍ത്തിയാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെ ഡിസേബിലിറ്റി കമ്മീഷണര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ. രണ്ട് കുട്ടികള്‍ക്കും സംസാര ശേഷിയില്ലാത്ത ഭാര്യയ്ക്കും ഒപ്പമാണ് എല്‍ദോയുടെ താമസം. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് എല്‍ദോ മെട്രോയില്‍ യാത്ര ചെയ്തത്. മകന്റെ ആഗ്രഹ പ്രകാരമായിരുന്നു എല്‍ദോ മെട്രോയില്‍ കയറിയത്.

DONT MISS
Top