കശ്മീരിലെ സ്‌കൂളില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടലിനിടെ രണ്ട് സൈനികര്‍ക്ക് പരുക്ക്

സ്കൂള്‍ സൈന്യം വളഞ്ഞിരിക്കുന്നു

കശ്മീര്‍ : കശ്മീരിലെ സ്‌കൂളില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ കശ്മീരിലെ പന്ത ചൗക്ക് മേഖലയിലെ ദല്‍ഹി പബ്ലിക് സ്‌കൂളില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ച  വൈകീട്ട് 5.50 ഓടെ ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന 29 ആം ബറ്റാലിയന്‍ സിആര്‍പിഎഫ് ഭടന്മാരുടെ സംഘത്തിനു നേരെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈന്യം തിരിച്ചടിച്ചപ്പോള്‍ ഭീകരര്‍ ദല്‍ഹി പബ്ലിക് സ്‌കൂളിലേക്ക് കടന്നുകയറുകയായിരുന്നു.


കശ്മീരില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണ് ദല്‍ഹി പബ്ലിക് സ്കൂള്‍. 5000 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. എന്നാല്‍ വൈകീട്ട് ഭീകരര്‍ സ്കൂളിലേക്ക് ഇരച്ചുകയറുന്നതിന് മുമ്പ് തന്നെ, വിദ്യാര്‍ത്ഥികളും സ്കൂള്‍ സ്റ്റാഫും സ്കൂള്‍ വിട്ടുപോയത് വന്‍ വിപത്തില്‍ നിന്നും രക്ഷയായി.


ഭീകരര്‍ സ്കൂള്‍ ക്യാംപസില്‍ കടന്നയുടന്‍ തന്നെ സൈന്യം സ്കൂള്‍ വളഞ്ഞു. സ്കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ പുലര്‍ച്ചെ 3.40 ഓടെ സൈന്യത്തിന് നേര്‍ക്ക് വീണ്ടും നിറയൊഴിച്ചു. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഉച്ചയോടെ സൈന്യം രണ്ടു ഭീകരരെയും വധിക്കുകയായിരുന്നു.

ഇന്നലെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ മരിക്കുകയും, രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ലഷ്കര്‍ ഇ തയ്ബ ഏറ്റെടുത്തിട്ടുണ്ട്.

DONT MISS
Top