ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി; ട്രംപ്- മോദി കൂടിക്കാഴ്ച നാളെ

പ്രധാനമന്ത്രി നരേന്ദ്രമോദി

വാഷിംഗ്ടണ്‍ : ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ശേഷമാണ് നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയത്. സന്ദര്‍ശനത്തിലെ സുപ്രധാനമായ മോദി- ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നാളെ നടക്കും.


വാഷിംഗ്ടണ്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ മോദിയെ യുഎസ് ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവും ചേര്‍ന്ന് സ്വീകരിച്ചു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍നയും ഭാര്യയും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വെച്ച് മോദി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്തു.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലാമത്തെയും, ട്രംപ് അധികാരമേറ്റശേഷം ആദ്യത്തെയും യുഎസ് സന്ദര്‍ശനമാണിത്. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ ആ​ഴ​ത്തി​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​ണ് യാ​ത്ര എ​ന്നാ​ണു മോ​ദി യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

അമേരിക്കയിലെത്തിയ നരേന്ദ്രമോദി ഇന്ന് യുഎസിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ആ​പ്പി​ളി​ന്‍റെ ടിം ​കു​ക്ക്, വാ​ൾ​മാ​ർ​ട്ടി​ന്‍റെ ഡ​ഗ് മ​ക്മി​ല്ല​ൻ, കാ​റ്റ​ർ​പി​ല്ല​റി​ന്‍റെ ജിം ​അം​പി​ൾ ബി, ​ഗൂ​ഗി​ളി​ന്‍റെ സു​ന്ദ​ർ പി​ച്ചൈ, മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ​ത്യ ന​ദെ​ല്ല തു​ട​ങ്ങി 19 സി​ഇ​ഒ​മാ​ർ പ​ങ്കെ​ടു​ക്കും. വൈ​റ്റ് ഹൗ​സി​ന​ടു​ത്തു​ള്ള വി​ല്ലാ​ർ​ഡ് ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ലി​ലാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീളുന്ന കൂ​ടി​ക്കാ​ഴ്ച. മേ​ക്ക് ഇ​ൻ ഇ​ന്ത്യ പദ്ധതിയെപ്പറ്റി വിശദീകരിക്കുന്ന മോദി, ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ​ത്തി​ന് കമ്പനികളെ ക്ഷ​ണി​ക്കും.

തിങ്കളാഴ്ച സുപ്രധാനമായ മോദി-ട്രംപ് കൂടിക്കാഴ്ച നടക്കും. വാഷിംഗ്ടണില്‍ ആദ്യ മോദി-ട്രംപ് കൂടിക്കാഴ്ചയാണ് നാളെ നടക്കുക. ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മോദിക്ക് ട്രംപ് വിരുന്നൊരുക്കും. പ്രസിഡന്റായ ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസില്‍ വിദേശ രാഷ്ട്ര തലവന് വിരുന്നൊരുക്കുന്നത്. തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ നിരവധി കരാറുകള്‍ ഒപ്പുവെയ്ക്കും. ഇരുനേതാക്കളും സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കും.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്റര്‍, സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്, കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുണ്ട്.


നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രധാനപ്പെട്ടതെന്നും, ആദ്യ ട്രംപ്-മോദി കൂടിക്കാഴ്ച അവിസ്മരണീയമാക്കാന്‍ നടപടി പൂര്‍ത്തിയായെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കെതിരായ വംശീയ ആക്രമണവും, ഭീകരവാദത്തിനെതിരായ പോരാട്ടവും, പാകിസ്താന്‍ പ്രശ്‌നവുമെല്ലാം ചര്‍ച്ചയായേക്കും. അതേസമയം നിരവധി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന എച്ച് വണ്‍ ബി വിസ നിയന്ത്രണ വിഷയം ചര്‍ച്ചയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

DONT MISS
Top