കാലുകൊണ്ട് പന്തു തടഞ്ഞ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജാസണ്‍ റോയ് സൃഷ്ടിച്ചത് പുതിയ റെക്കോര്‍ഡ്

ജാസണ്‍ റോയിയുടെ പുറത്താകല്‍ (ഉള്‍ചിത്രം : ക്രീസില്‍ നിന്ന് നിരാശയോടെ മടങ്ങുന്ന റോയി)

ടോണ്‍ഡണ്‍: ക്രീസില്‍ കളിതടസപ്പെടുത്തിയതിന് ബാറ്റ്‌സ്മാന്‍മാര്‍ പുറത്താക്കപ്പെടുന്നത് ക്രിക്കറ്റ് കളിയില്‍ തന്നെ അപൂര്‍വമാണ്. ക്രിക്കറ്റിന്റെ പുതുരൂപമായ ട്വന്റി 20 യില്‍ ഇതുവരെ അങ്ങനെ സംഭവിച്ചിട്ടുമില്ല. എന്നാല്‍ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ കളി തടസപ്പെടുത്തിയതിന് പുറത്താക്കപ്പെട്ട ആദ്യബാറ്റ്‌സ്മാനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജാസണ്‍ റോയ്.

ഇംഗ്ലണ്ടിലെ ടോണ്‍ഡണില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റോയ് ‘ റെക്കോര്‍ഡ് ‘ കുറിച്ചത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു ടോണ്‍ഡണില്‍ നടന്നത്. മത്സരത്തിലെ 16 -ാം ഓവറിലായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 174 റണ്‍സ് പിന്തുടരുകയായിരുന്നു ഇംഗ്ലീഷ് ടീം.

ക്രിസ് മോറിസ് ആയിരുന്നു ബൗളര്‍. ലിയാം ലിവിംഗ്‌സ്റ്റണ്‍ ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. മോറിസിന്റെ പന്ത് ബാക്ക്‌വാര്‍ഡ് പോയിന്റിലേക്ക് ലിവിംഗ്‌സ്റ്റണ്‍ വഴിതിരിച്ചുവിട്ടു. അപ്പോള്‍ 67 റണ്‍സ് നേടിയിരുന്ന റോയ്, നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് റണ്‍സ് നേടാനായി പകുതി ദൂരം ഓടിയെത്തിയിരുന്നു. എന്നാല്‍ ഇതിനകം ഫീല്‍ഡില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ആന്‍ഡിലെ ഫെഹ്‌ലുക്‌വയോ പന്ത് കൈയിലെടുത്തുകഴിഞ്ഞിരുന്നതിനാല്‍ ലിവിംഗ്‌സ്റ്റണ്‍ ക്രീസിലേക്ക് മടങ്ങി. റോയ് പകുതി ദൂരം ഓടിയശേഷം നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് തിരിച്ചോടി. എന്നാല്‍ പിച്ചിന്റെ വലതുവശത്തുകൂടി മുന്നോട്ടുകുതിച്ച റോയ് തിരിച്ചോടിയത് പന്തിനെ നോക്കി പിച്ചിന്റെ ഇടതുവശത്തൂകൂടിയാണ്. ബൗളിംഗ് എന്‍ഡിലെ സ്റ്റംപ് ലക്ഷ്യമാക്കി ആന്‍ഡിലെ ഫെഹ്‌ലുക്‌വയോ എറിഞ്ഞ പന്ത് റോയിയുടെ കാലില്‍ കൊള്ളുകയും ചെയ്തു. പന്ത് കാല് കൊണ്ട് തട്ടി കളി തടസപ്പെടുത്തിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ റോയിയുടെ ഔട്ടിനായി അപ്പീല്‍ ചെയ്തു. അമ്പയര്‍ മൈക്കിള്‍ ഗൗ ഉടന്‍തന്നെ ഡെഡ്‌ബോള്‍ സിഗ്നല്‍ കാട്ടുകയും ഔട്ട് ആണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയും ചെയ്തു.

ജാസണ്‍ റോയ് പിച്ച് ക്രോസ് ചെയ്യുകയും ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍ ആന്‍ഡിലെ ഫെഹ്‌ലുക്‌വയോ എറിഞ്ഞ പന്ത് കൃത്യമായി കാണുകയും ചെയ്തിരുന്നുവെന്ന് റിപ്ലേയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് പന്ത് ഡെഡ് ബോള് ആക്കി കളി തടസപ്പെടുത്തിയത് മനപ്പൂര്‍വമാണെന്ന നിഗമനത്തില്‍ റോയിയ്ക്ക് മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

അങ്ങനെ ട്വന്റി 20 ചരിത്രത്തില്‍ മനപ്പൂര്‍വം ഡെഡ്‌ബോള്‍ ആക്കിയതിന് പുറത്താക്കപ്പെടുന്ന ആദ്യബാറ്റ്‌സ്മാനായി മാറി ഇംഗ്ലീഷ് താരം ജാസണ്‍ റോയ്. ഈ പുറത്താകല്‍ കളിയില്‍ നിര്‍ണായകവുമായി. 45 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത് ഫോമില്‍ തുടരുകയായിരുന്ന റോയിയുടെ പുറത്താകല്‍ അതിജീവിക്കാന്‍ ഇംഗ്ലണ്ടിനായില്ല. ആറു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളൂ. മൂന്നു റണ്‍സിന്റെ തോല്‍വി. റോയിയെ പുറത്താക്കിയ പന്തെറിഞ്ഞ ആന്‍ഡിലെ ഫെഹ്‌ലുക്‌വയോയാണ് അവസാന ഓവറിലും ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി വിജയം തട്ടിയെടുത്തത്. ഫെഹ്‌ലുക്‌വയോ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഇംഗ്ലീഷ് ടീമിന് വേണ്ടിയിരുന്നത് 12 റണ്‍സാണ്. എന്നാല്‍ സിംഗിളുകള്‍ മാത്രം നേടാനേ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ. രണ്ടാം റണ്‍സിനായി വേണ്ടിയുള്ള ശ്രമത്തില്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ റണ്ണൗട്ടാകുകയും ചെയ്തു. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നു റണ്‍സിന്റെ നാടകീയ വിജയം.

DONT MISS
Top