തെരുവുനായ്ക്കള്‍ക്ക് സംരക്ഷണമേകി ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’: മനുഷ്യത്വത്തിന്റെ വേറിട്ട കൂട്ടായ്മ

കോട്ടയം: തെരുവുനായ്ക്കളെ കൊന്നൊടുക്കണമെന്ന് മുറവിളി ഉയര്‍ത്തുന്നുവര്‍ക്കിടയില്‍ അവയ്ക്ക് ഭക്ഷണവും, ചികിത്സയും നല്‍കി സംരക്ഷിക്കുന്ന മൃഗസ്‌നേഹികളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. കോട്ടയം വൈക്കത്താണ് ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന അത്യപൂര്‍വ്വ അഗതി മന്ദിരം പ്രവര്‍ത്തിക്കുന്നത്. കോട്ടയം സ്വദേശികളായ രാംദേവ്, ഗോവിന്ദ്, ഡോ. ബിജു എന്നിവരാണ് തെരുവുനായ്ക്കളെ സ്‌നേഹം കൊണ്ട് കീഴടക്കുന്ന സംരഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. പരുക്ക് പറ്റിയ നായ്ക്കളെ ചികിത്സിച്ച് ഭേദമാക്കി ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ഇവിടുത്തെ രീതി.

തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പൊതു നിരത്തിലൂടെ പ്രകടനം നടത്തുന്ന നാട്ടിലാണ് മനുഷ്യത്ത്വത്തിന്റെ ഈ വേറിട്ട കാഴ്ച. ആയുസ്സിന്റെ ഭൂരിഭാഗവും മനുഷ്യര്‍ക്കായി ജീവിച്ചിട്ടും ഒടുവില്‍ ഉപേക്ഷിക്കപ്പെട്ടതും മനുഷ്യന്റെ തന്നെ ക്രൂരതയാല്‍ ഗുരുതരമായി പരുക്കേറ്റതുമായ 200ലധികം നായ്ക്കളാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലുള്ളത്. ചികിത്സയും ഭക്ഷണവും പരിചരണവും നല്‍കി പരിപാലിക്കാന്‍ മണിയും കുടുംബവും ഈ വീട്ടില്‍ തന്നെയാണ് താമസം.

വഴിയിലെവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട നായ്കുട്ടികളെയോ, മൃഗങ്ങളെയോ കണ്ടാല്‍ ആളുകള്‍ ഇവരുടെ ഫെയ്‌സ്ബുക്ക് പേജായ ഫ്രെണ്ട്‌സ് ഓഫ് ആനിമല്‍സിലേക്ക് സന്ദേശം അയക്കും. പൂര്‍ണ ആരോഗ്യം എത്തിയാല്‍ വന്ധ്യം കരിച്ച് ദത്തെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് നല്‍കുകയാണ് പതിവ്.

നായ്ക്കളെ താമസിപ്പിക്കാനാണെന്ന് പറഞ്ഞാല്‍ ഒരാളും സ്ഥലം നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. വീടിന് വാടക അടക്കം ഒരു ലക്ഷത്തോളം രൂപയാണ് മാസം തോറും കണ്ടെത്തേണ്ടത്. സമാനമനസ്‌കര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ നാട്ടിലെ രൂക്ഷമായ തെരുവുനായ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍.

DONT MISS
Top