“കുടിച്ച് പൂസായി കിടന്നതല്ല, മരണാസന്നനായ അനുജനെ ഓര്‍ത്ത് സങ്കടപ്പെട്ട് കിടന്നതാണ്”: സോഷ്യല്‍ മീഡിയ കൊച്ചി മെട്രോയിലെ ‘പാമ്പ്’ ആക്കിയ ബധിരനും മൂകനുമായ യുവാവിന്റെ കഥ ഇങ്ങനെ

കൊച്ചി: കൊച്ചി മെട്രോയില്‍ കുടിച്ച് പൂസായി കിടന്നുറങ്ങുന്ന യുവാവിന്റെ ചിത്രം അടുത്ത ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കടുത്ത മെട്രോ നയങ്ങളെ ഇയാള്‍ മറികടന്നെന്ന തരത്തിലായിരുന്നു വാര്‍ത്തകളും ചിത്രവും പ്രചരിച്ചത്. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ആരുടേയും കരളലിയിപ്പിക്കും.

അങ്കമാലി കിടങ്ങൂരിലെ എല്‍ദോ എന്ന യുവാവാണ് വാര്‍ത്താ താരം. തനിക്കെതിരെ ഉയരുന്ന അപവാദപ്രചരങ്ങളോട് സ്വന്തം വാക്കുകളില്‍ പ്രതികരിക്കാന്‍ പോലും ഈ യുവാവിന് സാധിക്കില്ല. കാരണം, സംസാരശേഷിയോ കേള്‍വി ശേഷിയോ ഇല്ല എല്‍ദോയ്ക്ക്.

മെട്രോയില്‍ കുടിച്ച് മദോന്‍മത്തനായി കിടന്നുറങ്ങുന്നു എന്ന തരത്തിലായിരുന്നു എല്‍ദോയുടെ ചിത്രം പ്രചരിച്ചത്. എന്നാല്‍ സത്യം ഇതില്‍ നിന്ന് വിഭിന്നമാണ്. മരണാസന്നനായി ആശുപത്രിയില്‍ കഴിയുന്ന സ്വന്തം അനുജന്റെ ഓര്‍മകളില്‍ നിറഞ്ഞ് കിടക്കുകയായിരുന്നു എല്‍ദോ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട് മടങ്ങുമ്പോള്‍ മകന്റെ ആഗ്രഹപ്രകാരമാണ് മെട്രോയില്‍ കയറിയത്.

രണ്ട് കുട്ടികള്‍ക്കും സംസാര ശേഷിയില്ലാത്ത ഭാര്യയ്ക്കും ഒപ്പമാണ് എല്‍ദോയുടെ താമസം. വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് വഴിയാണ് എല്‍ദോയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്. “തുടങ്ങിയിട്ട് ഒരാഴ്ചപോലും ആയില്ല മെട്രോയില്‍ പാമ്പ്” എന്ന തലക്കെട്ടോടെയായിരുന്നു എല്‍ദോ മെട്രോയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്.സംഭവത്തെ കുറിച്ച് എല്‍ദോയുടെ മകന്‍ ബേസിലിന്റെ വാക്കുകള്‍ ഇങ്ങനെ: “ഞങ്ങള്‍ എല്ലാവരും കൂടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോയി വരികയായിരുന്നു. തിരിച്ച് വരുന്ന സമയം എന്റെ ആഗ്രഹപ്രകാരം യാത്ര മെട്രോയിലാക്കി. മെട്രോ യാത്രയില്‍ അച്ഛന്‍ വളരെ നിശബ്ദനായിരുന്നു.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ. ഇവിടുത്തെ സഹപ്രവര്‍ത്തകര്‍ക്കും എല്‍ദോയെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. എല്‍ദോയെ അടുത്തറിയാവുന്ന നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത് ആ പാവത്തെ ഉപദ്രവിക്കരുത് എന്നാണ്.

DONT MISS
Top