മക്കയിലും ജിദ്ദയിലും സുരക്ഷാ സേനയുടെ ഭീകര വേട്ട; നിരവധി പേര്‍ പിടിയില്‍, ഒരു തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു

പ്രതീകാത്മക ചിത്രം

മക്കയിലും ജിദ്ദയിലും സുരക്ഷാസേനയുടെ തീവ്രവാദി വേട്ട. മക്കയില്‍ ഒരു തീവ്രവാദി സ്വയം സ്‌ഫോടനം നടത്തി കൊല്ലപ്പെട്ടു. മറ്റുള്ളവരെ സൗദി സുരക്ഷാ സേന പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മക്കയിലും ജിദ്ദയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദ വേട്ട നടത്തിയത്.

ഇതിനിടയിലായിരുന്നു മക്കയിലെ അജ്‌യാദില്‍ ഒരു തീവ്രവാദി സ്വയം സ്‌ഫോടനം നടത്തി ആത്മാഹുതി ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മറ്റുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായി. ജിദ്ദയിലും തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ജിദ്ദയിലും മക്കയിലും സ്വയം സുരക്ഷിതരെന്ന് കരുതി താമസിച്ചുവരികയായിരുന്ന തീവ്രവാദികളെയാണ് പിടികൂടാനായത്.

പിടികൂടിയ തീവ്രവാദികളെല്ലാം സൗദി അധികൃതര്‍ അന്വേഷിച്ചുവരുന്നവരാണ്. തീവ്രവാദ വേട്ടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കോ ആള്‍നാശമോ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. തീവ്രവാദികള്‍ ഒളിച്ചു താമസിച്ചിരുന്ന കെട്ടിടങ്ങള്‍ പോലീസ് ഓപ്പറേഷനില്‍ തകര്‍ന്നതിന്റെയും തൊട്ടടുത്ത സ്ഥലങ്ങളില്‍ പാര്‍ക്കുചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭിച്ചതിന്റെയും ഫോട്ടോയും വീഡയോയും അറബ് വെബ് പോര്‍ട്ടുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റമദാനില്‍ തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ അധികമായുള്ള സമയത്തും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പുണ്യഭൂമിയിലുള്ള സമയത്താണ് അതേ നഗരത്തില്‍വെച്ച് തീവ്രവാദികളെ പിടികൂടുന്നതെന്നത് ഏറെ വാര്‍ത്താ പ്രാധാന്യമുള്ള സംഭവമാണ്.

DONT MISS
Top