ഇന്ത്യക്ക് 22 പ്രഡേറ്റര്‍ ഡ്രോണ്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ നാവികസേനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രരമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് യുഎസ് ഭരണകൂടത്തിന്റെ നടപടി. 200 കോടിയോളം രൂപയുടെ കരാറാണിത്. ഇന്ത്യയുമായി ട്രംപ് ഭരണകൂടം നല്ലൊരു ബന്ധം ആഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു.

ഉയര്‍ന്ന മലനിരകളില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍സിന്റെ പ്രധാന സവിശേഷത. 27 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന പ്രഡേറ്ററിന് 50,000 ഫീറ്റ് ഉയരത്തില്‍ സഞ്ചരിക്കാന്‍ കഴിയും. അമേരിക്കന്‍ ഡ്രോണുകള്‍ സ്വന്തമാക്കാനുള്ള ആഗ്രഹം 2015ല്‍ ഇന്ത്യ, ഒബാമ ഭരണകൂടത്തെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രരമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 25-27 തീയ്യതികളിലാണ്. ട്രംപുമായി കൂടിക്കാഴ്ചയും യുഎസ് സിഇഓമാരുമായി ബിസിനസ് സംബന്ധിച്ചുള്ള കൂടിക്കാഴ്ചകളും മാത്രമാണ് മോദി ഇതുവരെ പദ്ധതിയിട്ടിരിക്കുന്നത്. തീവ്രവാദ വിരുദ്ധ പങ്കാളിത്തവും എച്ച് 1 ബി വിസ പ്രശ്‌നവും ഇതോടൊപ്പം ചര്‍ച്ച ചെയ്യും.

DONT MISS
Top