രാഷ്ട്രീയപ്രവേശനം നിഷേധിക്കുന്നില്ലെന്ന് രജനി; ചര്‍ച്ചകള്‍ നടക്കുന്നു; ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും

രജനികാന്ത്

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള  സാധ്യത സജീവമാകുന്നു.  രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ നേതാക്കാളുമായി ചര്‍ച്ച നടത്തുകയാണെന്നും, അന്തിമ തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്നും രജനി പറഞ്ഞു.

‘ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നുളള വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കുന്നില്ല, ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങളൊന്നും ആയിട്ടില്ല. തീരുമാനമെടുത്തശേഷം ഞാന്‍ നിങ്ങളെ അറിയിക്കാം’ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രജനീകാന്ത് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച പി.അയ്യകണ്ണിന്റെ നേത്യത്വത്തിലുള്ള 16 ഓളം കര്‍ഷകരുമായി രജനി ചര്‍ച്ച നടത്തിയിരുന്നു. കാവേരി നദി ജലം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടായിരുന്നു ചര്‍ച്ച. 2002 ല്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ കണ്ട രജനീകാന്ത് സംഘടനയ്ക്ക് ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഈ തുക പ്രധാനമന്ത്രിയ്ക്ക് നേരിട്ട് നല്‍കണമെന്നും, രജനീകാന്തിനെ പോലൊരാള്‍ നേരിട്ട് പണം കൊടുക്കുകയാണെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകിട്ടുമെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞമാസം രജനികാന്ത് രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട്,  ഫാന്‍സ് അസോസിയേഷനുമായി  ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുദ്ധത്തിന് തയ്യാറാവുകയാണെന്നാണ് രജനി അന്ന് ഫാന്‍സിനോട് പറഞ്ഞത്. യുദ്ധം ആഗതമായാല്‍ നാടിന്റെ രക്ഷക്കെത്തുമെന്നും രജനി കൂട്ടിച്ചേര്‍ത്തു. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നും അദ്ദഹം പ്രതികരിച്ചിരുന്നു.

DONT MISS
Top