നാട് പനിച്ച് പൊള്ളുന്നു: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വൈക്കം താലൂക്ക് ആശുപത്രി

കോട്ടയം: ദിവസേന ആയിരത്തി അഞ്ഞൂറിലധികം പേര്‍ ചികിത്സക്കെത്തു കോട്ടയം വൈക്കം താലൂക്ക് ആശുപത്രി പരാധീനതകളുടെ നടുവില്‍. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരുടെ കുറവുമാണ് പനിബാധിതര്‍ അടക്കമുള്ള രോഗികളെ ദുരിതത്തിലാക്കുത്. ആശുപത്രി കെട്ടിടം അത്യാധുനിക സജീകരണങ്ങളോടെ നവീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് അധികൃതരുടെ മറുപടി.

നാട് പനിച്ചുപൊള്ളുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മൂലം വീര്‍പ്പുമുട്ടുകയാണ് കോട്ടയം ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന വൈക്കം താലൂക്ക് ആശുപത്രി. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമൊക്കെ ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പനി പടര്‍ന്നു പിടിക്കുമ്പോഴും ആശുപ്രതിക്കു ചുറ്റും മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് ശുചിമുറികളോ ശുചീകരണപ്രവര്‍ത്തനങ്ങളോ ഇവിടെയില്ല. അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ മണിക്കൂറുകള്‍ ക്യൂവില്‍ നിര്‍ത്തുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളാകട്ടെ തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കുകളിലും. പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ആശുപത്രിയെ അടിമുടി മാറ്റുന്നതിനായുള്ള ശ്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും എത്രയും വേഗത്തില്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുമെന്നും സ്ഥലം എംഎല്‍എ സികെ ആശ പറഞ്ഞു.

ഹാബിറ്റാറ്റിനാണ് നിര്‍മാണച്ചുമതല നല്‍കിയിട്ടുള്ളത്. 50 ലക്ഷം രൂപ മുതല്‍മുടക്കിലാണ് മൂന്ന് നിലകളിലായി ആശുപത്രി കെട്ടിട സമുച്ചയം നിര്‍മിക്കുക. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പരാധീനതകളുടെ നടുവില്‍ കഴിയുന്ന ആശുപത്രിയുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

DONT MISS
Top