യുഎഇയില്‍ അപ്രതീക്ഷിതമായി വോയ്‌സ് കോള്‍,വീഡിയോ കോളിംഗ് സൗകര്യം നല്‍കി വാട്‌സ് ആപ്പ്

പ്രതീകാത്മക ചിത്രം

യുഎഇ: യുഎഇയില്‍ അപ്രതീക്ഷിതമായി വോയ്‌സ് കോള്‍,വീഡിയോ കോളിംഗ് സൗകര്യം നല്‍കി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്പ്. നിലവില്‍ രാജ്യത്ത് വാട്‌സ്ആപ്പ് വോയ്‌സ് കോളിനും വിഡീയോ കോളിംഗിനും നിരോധനം ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നാണ് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്.

പ്രമുഖ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോം ആയ വാട്‌സപ്പില്‍ നിന്നും മുന്‍പ് യുഎഇയില്‍ നിന്നും കോളുകളോ വിഡീയോ കോളുകളെ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ ആ സ്ഥിതി ഇന്ന് രാവിലെ മുതല്‍ മാറി. എല്ലാവര്‍ക്കും വാട്‌സ് ആപ്പ് കോളും വാട്‌സ് ആപ്പ് വഴി വിഡീയോകോളും ചെയ്യാന്‍ കഴിഞ്ഞു.വാര്‍ത്ത വളരെ പെട്ടെന്ന് വാട്‌സ് ആപ്പിലൂടെ തന്നെ കാട്ടുതീ പോലെ പടര്‍ന്ന് പ്രചരിച്ചു.കേട്ടവര്‍ സ്വദേശങ്ങളിലേക്ക് വാട്‌സ് ആപ്പിലൂടെ ഫോണ്‍ കോളുകള്‍ചെയ്യുകയും ചെയ്തു.എത്തിസലാത്തിലും ടുവിലും വാട്‌സ് ആപ്പ് കോള്‍ ലഭ്യമായി.

എന്നാല്‍ ഇക്കാര്യത്തില്‍ നിലവിലെ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നാണ് ടെലികമ്മ്യുണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്. വോയ്‌സ് ഓവര്‍ ഇന്റര്‍നെന്റ് പ്രോട്ടോക്കോള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാട്‌സ് ആപ്പ് കോള്‍ വിലക്കിയിട്ടുള്ളത്. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വഴി ടിഎര്‍എ വ്യക്തമാക്കി. ഇതും സംബന്ധിച്ച രാജ്യത്തിന്റെ നിയമങ്ങള്‍ക്കും നയത്തിനും അനുസരിച്ച് മാത്രമെ അനുമതി നല്‍കും എന്നും ടിആര്‍എ വ്യക്തമാക്കി. ടിആര്‍എ ഇങ്ങനെ വ്യക്തമാക്കുമ്പോള്‍ തന്നെ എങ്ങനെയാണ് ഈ സൗകര്യം അപ്രതീക്ഷിതമായി ലഭിച്ചത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. രാത്രിയോട് കൂടി വാട്‌സ് ആപ്പ് കോളും വിഡിയോ കോളും വിണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പലരുടെയും ഫോണുകളും സൗകര്യം ഇപ്പോഴും ലഭിക്കുന്നുണ്ട്.

DONT MISS
Top