കുബ്ലെയുടെ രാജി: തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് കോഹ്ലി

വിരാട് കോഹ്ലി
ദില്ലി:ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെ രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ബഹുമാനിക്കുന്നു, എന്നാല്‍ ഡ്രെസിംഗ് റൂമിലെ ചര്‍ച്ചകള്‍ പുറത്തുപറയില്ലെന്നും വിരാട് കോഹ്ലി പറയുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ ക്രിക്കറ്റ് പരമ്പരക്കെത്തിയ കോഹ്ലി വാര്‍ത്ത സമ്മേളനത്തിലാണ് പ്രതികരിച്ചത്.
സംഭവത്തില്‍ ഇതുവരെ കോഹ്ലി പ്രതികരിച്ചിരുന്നില്ല. അനില്‍ കുംബ്ലെയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിരാട് കോഹ്ലി പ്രശ്നത്തില്‍ മൗനം വെടിയണമെന്നും ഗവാസ്കര്‍ പ്രതികരിച്ചിരുന്നു.
അതേസമയം അനില്‍ കുംബ്ല സ്ഥാനമേറ്റെടുത്തപ്പോള്‍ കുംബ്ലെയെ സ്വാഗതം ചെയ്ത ട്വീറ്റ് അക്കൗണ്ടില്‍ നിന്നും വിരാട് കോഹ്ലി നീക്കം ചെയ്തിരുന്നു.ഒരു സ്മൈലിയോടെ കുംബ്ലെയെ സ്വാഗതം ചെയ്ത കോഹ്ലി, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യക്ക് മികച്ച ഭാവി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഈ ട്വീറ്റ് ഇന്ത്യന്‍ ടീം നായകന്റെ അക്കൗണ്ടില്‍ കാണുന്നില്ല എന്നതാണ് വാസ്തവം. അതിന് മുന്‍പും ശേഷവുമുള്ള ട്വീറ്റുകള്‍ ഉണ്ടെങ്കിലും ഈ ട്വീറ്റ് മാത്രമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെ രാജിവെക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കുംബ്ലെയോട് വലിയ താല്പര്യമില്ലെന്നും അതാണ് കുംബ്ലെയുടെ പിന്മാറ്റത്തിന് കാരണമെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കോഹ്ലിയുടെ അനിഷ്ടം മാത്രമല്ല കാരണമെന്നും സീനിയര്‍ താരങ്ങള്‍ക്ക് കുംബ്ലെയോട് താല്പര്യമില്ലെന്നുമാണ് ബിസിസിഐയുമായി ബന്ധമുള്ള കേന്ദ്രങ്ങളുടെ വെളിപ്പെടുത്തലുകള്‍. സീനിയര്‍ താരങ്ങള്‍ ഡ്രസിംഗ് റൂമില്‍ കുംബ്ലെയുടെ സാന്നിധ്യം ഇഷ്ടപ്പെടുന്നില്ല. ഇവരെ പിണക്കാന്‍ താല്പര്യമില്ലാത്തതിനാല് കോഹ്ലിയും ഇവര്‍ക്കൊപ്പം നില്ക്കുന്നു. ഇതാണ് അനില്‍ കുംബ്ലെയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോച്ചിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ഉപദേശകസമിതിയാണ്. ഇവര്‍ക്ക് കുംബ്ലെ ഇപ്പോള്‍ മാറുന്നതിനോട് തീരെ താല്പര്യമില്ല. വെസ്റ്റ്ഇന്‍ഡീസ് പര്യടനം വരെ അദ്ദേഹം തുടര്‍ന്നേ പറ്റൂവെന്ന ഉറച്ച നിലപാടിലാണ് സമിതി. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞാലുടന്‍ ഒഴിയാനുള്ള തീരുമാനത്തില്‍ കുംബ്ലെ ഉറച്ചുനില്‍ക്കുകയാണെന്ന് ബിസിസിഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഞായറാഴ്ച ഓവലില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്പട്ടമണിഞ്ഞാല് അതുതന്നെയാകും തന്റെ പരിശീലകസ്ഥാനമൊഴിയാനുള്ള നല്ല സന്ദര്‍ഭമെന്ന് കുംബ്ലെ കരുതുന്നുവെന്നും അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കുംബ്ലെയ്ക്ക് പകരം സഞ്ജയ് ബാംഗറാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മനസിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയാണ് ബാംഗര്‍.