കെ ശ്രീകാന്ത് കുതിപ്പ് തുടരുന്നു; ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കെ ശ്രീകാന്ത് ( ഫയല്‍ ചിത്രം )

സിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്തിന്റെ വീരഗാഥകള്‍ തുടരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ശ്രീ ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ചൈനയുടെ സണ്‍ വാന്‍ ഹൂവിനെതിരെ ഇന്ത്യന്‍ താരത്തിന്റെ വിജയം (15-21, 21-13, 21-13).

ഇന്തോനേഷ്യന്‍ കിരീടത്തിന്റെ തിളക്കവുമായാണ് ശ്രീ സിഡ്‌നിയിലെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ലോക ഒന്നാം നമ്പര്‍ താരത്തെ ശ്രീകാന്ത് വീഴ്ത്തുന്നത്. അടുത്തിടെ അവസാനിച്ച ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ സെമിയിലും ശ്രീ ഹൂവിനെ തോല്‍പ്പിച്ചിരുന്നു (21-15, 14-21, 24-22).

സിഡ്‌നിയില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു ശ്രീയുടെ തിരിച്ചുവരവ്. 15-21 ന് ആദ്യ ഗെയിം നേടിയ ഹു ഇത്തരമൊരു തോല്‍വി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടും മൂന്നും ഗെയിമുകള്‍ അനായാസം നേടിയായിരുന്നു ശ്രീകാന്ത് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ക്വാര്‍ട്ടറില്‍ നാട്ടുകാരനായ ബി സായി പ്രണീതാണ് ശ്രീകാന്തിന്റെ എതിരാളി.

ചൈനയുടെ ഹുവാങ് യുസിയാങിനെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സായി പ്രണീത് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. സ്‌കോര്‍ 21-15, 18-21, 21-13. വനിതാ വിഭാഗത്തില്‍ പിവി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇന്ന് കളത്തിലിറങ്ങും.

DONT MISS
Top