യുഎഇയിലെ പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; വാട്ട്‌സാപ്പ് വീഡിയോ-ഓഡിയോ കോളുകള്‍ ഇപ്പോള്‍ യുഎഇയിലും ലഭ്യം

പ്രതീകാത്മക ചിത്രം

ദുബായ്: മലയാളികളുള്‍പ്പെടെയുള്ള യുഎഇ പ്രവാസികള്‍ക്കിത് സന്തോഷത്തിന്റെ ദിവസമാണ്. നാട്ടിലെപ്പോലെ തന്നെ വാട്ട്‌സാപ്പ് കോളിംഗ് സംവിധാനം ഇന്നാണ് യുഎഇയില്‍ പ്രാവര്‍ത്തികമായത്. ഇത്രയും കാലം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാട്ട്‌സാപ്പ് കോളിംഗ് ഉണ്ടായിരുന്നെങ്കിലും, യുഎഇയില്‍ ഇത് നിരോധിക്കപ്പെട്ടിരുന്നു. ഈ നിയന്ത്രണമാണ് വ്യാഴാഴ്ചമുതല്‍ നീങ്ങിയതായി ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ പെട്ടത്. അതേസമയം ഇത്തരത്തില്‍ നിരോധനം നീക്കിയതുമായി ബന്ധപ്പെട്ട് ഇനിയും ഔദ്യോഗിക വിശദീകരണങ്ങളും പുറത്തുവന്നിട്ടില്ല. എന്തായാലും പുതിയ സാഹചര്യത്തില്‍ മലയാളികളുള്‍പ്പെടെ പ്രവാസികള്‍ക്ക് നാട്ടിലെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇനി വാട്ട്‌സാപ്പില്‍ വിളിക്കാനാകും.

പുതിയ സൗകര്യത്തെ സന്തോഷപൂര്‍വമാണ് പ്രവാസിസമൂഹം സ്വീകരിച്ചതെന്ന് ഖലീജ്‌ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വോയിസ് ഓവര്‍ ഐപി’ സേവനങ്ങള്‍ക്ക് നിരോധനമുള്ളതിനാലാണ് വാട്ട്‌സാപ്പ് കോളിംഗ് സംവിധാനം യുഎഇയില്‍ ലഭ്യമാകാതിരുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ ഈ സംവിധാനം ലഭ്യമായിത്തുടങ്ങിയെന്ന് ഖലീജ് ടൈംസ് പറയുന്നു. വാട്ട്‌സാപ്പില്‍  വൈഫൈയിലും മൊബൈല്‍ ഡേറ്റയിലും വിളിച്ച് തങ്ങള്‍ക്ക് ഇക്കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടുവെന്നും അവര്‍ പറയുന്നു. വാട്ട്‌സാപ്പില്ലാത്തതിനാല്‍ ഹൈക്ക്, ഐഎംഒ പോലുള്ള ആപ്പുകളിലൂടെ മലയാളികള്‍ വീഡിയോ- ഓഡിയോ കോളുകള്‍ നാട്ടിലേക്ക് വിളിക്കുമായിരുന്നു. പ്രവാസികള്‍ക്ക് വിഓഐപിക്ക് ചില സംവിധാനങ്ങളും ഉണ്ടായിരുന്നു. നാട്ടില്‍ നിന്ന് വിദേശത്തേക്ക് വിളിക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. അത് ഇപ്പോള്‍ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  എങ്കിലും ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്നില്‍ തന്നെ ഈ സൗകര്യവും ലഭ്യമായത് വലിയ അനുഗ്രഹമാണെന്ന് പ്രവാസികള്‍ അടയാളപ്പെടുത്തുന്നു.

അതേസമയം സംഭവത്തോട് ഇനിയും അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ലൈസന്‍സുള്ള പ്രൊവൈഡര്‍മാര്‍ക്ക് മാത്രമാണ് ഐപി ഓവര്‍ വീഡിയോ-ഓഡിയോ കോളുകള്‍ അനുവദിച്ചിരുന്നത്. അവരവരുടെ നെറ്റ്വര്‍ക്കുകളിലൂടെ ഇത്തരത്തിലുള്ള വിഒഐപി വേണമോ എന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നാണ് യുഎഇ ടെലികോം കമ്പനി പറഞ്ഞിരുന്നത്. യുഎഇയിലെ ടെലികോം പ്രൊവൈഡര്‍മാരുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ലൈസന്‍സ് കരസ്ഥമാക്കാമെന്നും മുന്‍പ് ടിആര്‍എ പറഞ്ഞിരുന്നു. ഇത് വാട്ട്‌സാപ്പ് കരസ്ഥമാക്കിയോ എന്ന് ഇനിയും വ്യക്തമല്ല. എത്തിസലാത്ത്, ഡു എന്നീ ടെലികോം നെറ്റ്വര്‍ക്കുകളാണ് നിലവില്‍ യുഎഇയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്വര്‍ക്കും നല്‍കുന്ന കമ്പനികള്‍. ഇതില്‍ രണ്ടിലും വാട്ട്സാപ്പ് കോളിന് കഴിയുന്നുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്. വാട്ടസപ്പിന് പുറമേ വൈബര്‍ പോലുള്ള മറ്റുപല ആപ്പുകളിലെ സൗജന്യകോളുകളും യുഎഇയില്‍ നിരോധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബറിലാണ് വാട്ട്സാപ്പ് വീഡിയോ കോളിംഗ് സംവിധാനം ആപ്പില്‍ ഉള്‍പ്പെടുത്തിയത്. ദിവസങ്ങള്‍ കൊണ്ടുതന്നെ ഹിറ്റായ സവിശേഷത പക്ഷെ, യുഎഇയില്‍ ലഭ്യമായിരുന്നില്ല. യുഎഇയിലേക്കോ യുഎഇയില്‍ നിന്നോ കോള്‍ ഓപ്ഷനെടുക്കുമ്പോള്‍, രാജ്യത്ത് ലഭ്യമല്ല എന്നാണ് മുന്‍പ് കാട്ടിയിരുന്നത്. എന്തായാലും ഇനി വാട്ട്സാപ്പ് വഴിതന്നെ വീട്ടുകാരുമായും നാട്ടുകാരമായും യുഎഇയിലെ പ്രവാസികള്‍ക്ക് കണ്ടും കേട്ടും സംസാരിക്കാം.

കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റ് വാട്ട്സാപ്പ് നല്‍കിയിരുന്നു. നേരത്തെ, വാട്ട്സാപ്പിന്റെ  ബീറ്റാ വേര്‍ഷനുകള്‍ക്ക് മാത്രമായാണ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റിനെ വാട്ട്സാപ്പ് ഒരുക്കിയിട്ടുണ്ട്.

എങ്ങനെ വീഡിയോ കോള്‍ ചെയ്യാം

1 ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അല്ലെങ്കില്‍ ആപ്പിള്‍, വിന്‍ഡോസ് സ്‌റ്റോറുകളില്‍ കടന്ന് വാട്ട്സാപ്പിന്റെ   പുത്തന്‍ അപ്‌ഡേറ്റിനെ ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് വാട്‌സ് ആപ്പ് തുറന്ന് ഏതെങ്കിലും കോണ്‍ടാക്ട് തെരഞ്ഞെടുക്കക
2 വാട്ട്സാ പ്പിന്റെ കോള്‍ ടാബ് മുഖേനയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉപഭോക്താക്കളില്‍ എത്തുക. പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, സെര്‍ച്ച് ഐക്കണിനൊപ്പമുള്ള ഡയലര്‍ ഐക്കണ്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയ്‌സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.
3 ഇനി വീഡിയോ കോള്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ വീഡിയോ കോളിങ്ങിലേക്ക് വാട്‌സ് ആപ്പ് കടക്കും.
4 കോള്‍ കണക്ട് ചെയ്ത കഴിഞ്ഞാല്‍, പ്രൈമറിസെക്കണ്ടറി ക്യാമറകള്‍ തമ്മില്‍ മാറി മാറി ഉപയോഗിക്കാന്‍ സാധിക്കും.
5 കൂടാതെ, വീഡിയോ കോളിങ്ങിനിടെ മള്‍ട്ടി ടാസ്‌കിങ്ങിലേക്ക് അല്ലെങ്കില്‍ മറ്റ് ആപ്പുകള്‍ തുറന്ന് ഉപയോഗിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
6 തിരികെ വീഡിയോ കോളിങ്ങ് വിന്‍ഡോ ലഭിക്കണമെങ്കില്‍ ചാറ്റ് ലിസ്റ്റിന് മുകളില്‍ കാണുന്ന ഗ്രീന്‍ ബാന്‍ഡ് തെരഞ്ഞെടുത്താല്‍ മതി.

എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട  ഇനിയും ഗ്രൂപ്പ് കോളിംഗ്  ഫീച്ചര്‍ വാട്ട്സാപ്പില്‍  ലഭ്യമായിട്ടില്ല. അതേസമയം, വീഡിയോ കോളിങ്ങിന്റെ വ്യക്തത ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കിനെ ആശ്രയിച്ച വ്യത്യാസപ്പെടും. മികച്ച നെറ്റ് വര്‍ക്കില്‍ മികച്ച വീഡിയോ കോളിങ്ങ് അനുഭവമായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് വാട്ട്സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം സുലഭമായ യുഎഇയില്‍ പ്രശ്‌നമാകില്ല. എന്തായാലും ഐഎസ്ഡി വിളിക്കുന്നത് കുറച്ച് ഇനി കുറച്ച് വാട്ട്‌സാപ്പിലും പ്രവാസികള്‍ക്ക് നാട്ടിലേക്കും നാട്ടില്‍ നിന്ന് അങ്ങോട്ടും ഇഷ്ടംപോലെ വിളിക്കാം

DONT MISS
Top